പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Tuesday, July 11, 2006

ഗീര്‍വാണമോ സത്യമോ? ആര്‍ക്കറിയാം

മലയാള മനോരമ ഞായറാഴ്ച പതിപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ അലക്സ് പൈകടയുടെ കഥയുണ്ട്. ആര്‍ക്കും മനസിലാകാത്ത ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എഴുതുന്നയാള്‍ എന്നാണ് ഗീതാഞ്ജലി എക്സ്പ്രസ് എന്ന ലേഖനം അലക്സിനെ വിശേഷിപ്പിക്കുന്നത്.

ബി ടെക് ബിരുദം, സന്യാസം, ജോലി തേടല്‍, ഉപേക്ഷിക്കല്‍, ഗവേഷണം, ഗവേഷണമുപേക്ഷിക്കല്‍, കൃഷിപ്പണി ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ നിറഞ്ഞതാണ് അലക്സിന്റെ ജീവിതം. വായിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ അലക്സിനെ വട്ടന്‍ എന്നു വിളിക്കാന്‍ തോന്നുമെങ്കിലും എനിക്ക് അലക്സിനെ ഇഷ്ടപ്പെട്ടു. ഒരു പാട് യാത്രകള്‍ നടത്തിയവരെ എനിക്കേറെ ഇഷ്ടമാണ്. ലോകം കണ്ടവരാണല്ലോ.

അതവിടിരിക്കട്ടെ. ലേഖനം വായിച്ചുകഴിയുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം അലക്സ് തന്നെ ലേഖകനോട് പറഞ്ഞതാണ്. അപ്പോള്‍ ന്യായമായും അലക്സിന്റെ വാക്കുകള്‍ സത്യസന്ധമാണെന്നു തെളിയിക്കാന്‍ എന്തെങ്കിലുമൊക്കെ ലേഖനത്തോടൊപ്പം വേണ്ടേ? ദോഷൈകദൃക്കാവുകയല്ല; എന്നാലും ചില സംശയങ്ങള്‍ ലേഖനം വായിച്ചതിനുശേഷം എനിക്കുണ്ടായി.

1. ഇംഗ്ലീഷ് പ്രയോഗങ്ങള്‍ മനസിലാകാത്തതു കാരണം കൊച്ചി സര്‍വകലാശാലയിലെ ഗവേഷണ വഴികാട്ടികള്‍ അലക്സിന്റെ പ്രബന്ധം തിരിച്ചു നല്‍കി എന്നതാണ് ഇതില്‍ എടുത്തുപറയുന്ന കാര്യം. കൊച്ചി സര്‍വകലാശാലയില്‍ ജോലിചെയ്യുന്ന ഒരു ഗവേഷണ മേല്‍നോട്ടക്കാരന് മനസിലാകാത്ത ഇംഗ്ലീഷോ? അതെന്തൊരിംഗ്ലീഷ് ആണെന്ന് നിങ്ങള്‍ക്കു സംശയം തോന്നുമോ എന്നറിയില്ല, പക്ഷേ എനിക്കു സംശയമുണ്ടായി. ഇത്ര മഹത്തായ ആ ഇംഗ്ലീഷിന്റെ ഒരു സാമ്പിള്‍ എങ്കിലും ലേഖനത്തോടൊപ്പം കൊടുത്തിരുന്നെങ്കില്‍ എന്റെ സംശയം മാറിയേനെ.

അതല്ലെങ്കില്‍ അലക്സിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ല എന്നു പറഞ്ഞ റിസര്‍ച്ച് ഗൈഡുമാരെ ആരെയെങ്കിലും ലേഖകന് അവതരിപ്പിക്കാമായിരുന്നില്ലേ?

ഇനി അലക്സിന്റെ ഇംഗ്ലീഷ് മനസിലാകാത്തതിനാല്‍ ഒരു ഗവേഷണ പ്രബന്ധം തിരിച്ചു നല്‍കിയെങ്കില്‍ ആ റിസര്‍ച്ച് ഗൈഡുമാരെയൊക്കെ എന്തിനു വച്ചോണ്ടിരിക്കണം. ആദ്യം പോയി ഇംഗ്ലീ‍ഷ് പഠിക്കാന്‍ പറഞ്ഞു വിടേണ്ടേ?

ഇനി അലക്സിന്റെ ഇംഗ്ലീഷല്ല, ഗവേഷണ പ്രബന്ധമേ മനസിലായില്ല എന്നോ മറ്റോ ആണോ പറഞ്ഞത്? ആര്‍ക്കറിയം. സംശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ.

2. ഗീതാഞ്ജലി എക്സ്പ്രസ് എന്ന പുസ്തകം അമേരിക്കന്‍ വായനക്കാരുടെ കൈകളിലൂടെ അതിവേഗം പായുകയാണ് എന്ന വരികളാണ് എന്നിലെ സംശയിക്കുന്ന തോമായെ വീണ്ടുമുണര്‍ത്തിയത്. നാളിത്രയും ഇവിടെ താമസിച്ചിട്ടും ഇങ്ങനെ ഒരു പുസ്തകത്തെപ്പറ്റി കേട്ടിട്ടില്ലല്ലോ എന്ന കുറ്റബോധമെനിക്കുണ്ട്.

ഏതായാലും നെറ്റില്‍ ഒന്നു സെര്‍ച്ച് ചെയ്തേക്കാം എന്നു കരുതി. ഫ്രഡ് ഡങ്കന്‍ എന്ന സായ്പ് അലക്സിന്റെ ഇംഗ്ലീഷില്‍ ഭ്രമിച്ച് ടിയാളുടെ അമ്പതിനായിരം വരികള്‍ വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ലേഖനം പറഞ്ഞു വയ്ക്കുന്നത്.

എന്നാല്‍ അഞ്ചു മിനിട്ടത്തെ നെറ്റ് മുങ്ങിത്തപ്പലില്‍ നിന്നും ഞാന്‍ മനസിലാക്കിയതു മറ്റൊന്നാണ്. അലക്സ് പൈകടയ്ക്ക് ഫ്രഡ് ഡങ്കന്‍ സായ്‌വിന്റെ ഇമെയില്‍ വിലാസം എങ്ങനെയോ ലഭിച്ചു. സായ്‌വ് തന്നെ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ.

He tells me that due to his ethnicity (Udalla tribe) there is no hope of him ever being published in India and asks me to rate his chances of attracting an American publisher.

അലക്സ് പൈകട എങ്ങനെയാണോ ഉഡാല ഗോത്രക്കാരനായത്. അങ്ങനെയുള്ള ഗോത്രക്കാരുടെ പുസ്തകം പ്രസിദ്ധീകരിക്കില്ല എന്ന നിര്‍ബന്ധബുദ്ധി ഇന്ത്യയിലെ പ്രസാധകര്‍ക്കുണ്ടോ? ആര്‍ക്കറിയാം. ഏതായാലും ലേഖനത്തില്‍ പറഞ്ഞിരിക്കുമ്പോലെ ഡെങ്കന്‍ സായ്‌വ് അലക്സിനെ തേടിയെത്തുകയല്ല, അലക്സ് ഡെങ്കന്‍ സായ്‌വിനോട് യാചിക്കുകയായിരുന്നു എന്നെനിക്കു മനസിലായി.

ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഗീതാഞ്ജലി എക്സ്പ്രസിന്റെ ഹിറ്റു പെരുമഴ കാരണം അതു പുസ്തകമാക്കാന്‍ ഫ്രഡ് ഡങ്കന്‍ തീരുമാനിച്ചത്രേ. പത്തു ശതമാനം റോയല്‍റ്റി മാത്രമേ അലക്സിനുള്ളൂ. നിര്‍മ്മമതയോടെ അലക്സ് അതും സമ്മതിച്ചു.

ഇവിടെയും എനിക്കു ചില സംശയങ്ങളുണ്ട്. ഡങ്കന്‍ സായ്‌വിന്റെ വെബ്‌സൈറ്റ് പറയുന്നത്, അങ്ങോര്‍ ഒരു പേപ്പര്‍ പുസ്തക വിരോധിയാണെന്നാണ്. അതായത് പേപ്പറില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ ലോകത്തുള്ള മരങ്ങള്‍ക്കെല്ലാം ഭീഷണിയാണന്നതിനാല്‍ ഓണ്‍‌ലൈന്‍ പുസ്തകങ്ങള്‍ക്കുവേണ്ടി വാദിക്കുന്നയാള്‍. ഷെക്സ്പിയര്‍ മുതല്‍ ഡി എച്ച് ലോറന്‍സ് വരെയുള്ളവരുടെ പുസ്തകങ്ങള്‍ ഡെങ്കന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. അലക്സിന്റെ ഗീതാഞ്ജലി എക്സ്പ്രസും.

തന്റെ പോളിസികളൊക്കെ മാറ്റിവച്ച് അലക്സിന്റെ പുസ്തകം പേപ്പറില്‍ അച്ചടിക്കാന്‍ തന്നെ ഡങ്കന്‍ തീരുമാനിച്ചോ? ആര്‍ക്കറിയാം. സായ്‌വിനോട് തന്നെ എന്നെങ്കിലും ചോദിക്കാം അതേ നിവൃത്തിയുള്ളൂ.

അലക്സ് പൈകടയുടെ കഴിവുകളെ ചോദ്യം ചെയ്യുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച് ലേഖനം വായിച്ചു കഴിയുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ത്തുതരാന്‍ അതെഴുതിയ സന്തോഷ് ജോണ്‍ തൂവല്‍ ഒന്നും ചെയ്തില്ല എന്നു പറയുകയായിരുന്നു. അതോ ഈ സംശയങ്ങള്‍ എനിക്കു മാത്രമുണ്ടായതാണോ?നിങ്ങള്‍ക്കെന്താണാവോ തോന്നുന്നത്. ലേഖനമൊന്നു വായിച്ചു നോക്കുക.

അലക്സിന്റെ ഗീതാഞ്ജലി എക്സ്പ്രസ് മുഴുവനായും ഇവിടെ വായിക്കാം. കടിച്ചാല്‍ പൊട്ടാത്ത കുറേ ഇംഗ്ലീഷ് വാക്കുകള്‍ അവയിലുണ്ട്. സാഹിത്യപരമായി അത്ര വല്യ മേന്മയൊന്നും എനിക്കു കാണാനാവുന്നില്ല. ആര്‍ക്കറിയാം, ചിലപ്പോള്‍ ഒക്കെ എന്റെ പ്രശ്നങ്ങളാവാം.

24 Comments:

 • മനോരമ ലേഖനവും അലക്സിന്‍റെ പുസ്തകവും ഇതുവരെ വായിച്ചില്ല. മന്‍‍ജിത്തിന്‍റെ ലിങ്ക് വര്‍ക്കു ചെയ്യുന്നില്ലെങ്കില്‍ മനോരമ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്കുക.

  By Blogger സന്തോഷ്, at 3:53 PM  

 • This comment has been removed by a blog administrator.

  By Anonymous Anonymous, at 4:03 PM  

 • കൊള്ളാം. എന്റെ പ്രതികരണം ഇവിടെ.

  By Blogger ഉമേഷ്::Umesh, at 5:10 PM  

 • ഇന്റ്രസ്റ്റിംഗ്‌ ലേഖനം മന്‌ജിത്‌..

  കുറച്ച്‌കാലം മുമ്പ്‌ ഒരു ദീപിക(?) ലേഖനത്തില്‍ ഇതുപോലെ "അമേരിക്കയില്‍ സുപരിചിതനായ" എന്നൊക്കെ വിശേഷിപ്പിച്ച്‌ ഒരാളെ (കൂടുതല്‍ ഓര്‍ക്കുന്നില്ല) അവതരിപ്പിച്ചപ്പോള്‍ ഞാന്‍ ഗൂഗിളൊക്കെ കുറേ തപ്പി ഒരു ലിങ്ക്‌ പോലും കാണാതെ ഗൂഗിളിനറിയാത്തവനോ അമേരിക്കയില്‍ സുപരിചിതന്‍ എന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്‌ :)

  കാലം മാറിയത്‌ "തൂവല്‍" അറിഞ്ഞിട്ടില്ല :)

  By Blogger വഴിപോക്കന്‍, at 5:50 PM  

 • ഞാനധികം വായിക്കാത്ത സ്വഭാവമുള്ളവനാണ്‌. എങ്കിലും എനിക്ക്‌ മനോരമയുടെ ലിങ്ക്‌ തുറന്ന്‌ വായിക്കുവാന്‍ താല്‍പര്യം തോന്നുന്നു. സംയം കിട്ടുമ്പോല്‍ വായിക്കും അഭിപ്രായവും പറയും.

  By Blogger കേരളഫാർമർ/keralafarmer, at 6:31 PM  

 • ചോദ്യങ്ങള്‍ നന്നായിരിക്കുന്നു മന്‍‌ജിത്തേ...

  പത്രങ്ങള്‍ പറയുന്നതെല്ലാം സത്യമല്ലെന്ന സത്യം മലയാളിയെ കാത്തിരിക്കുന്നു...

  By Blogger evuraan, at 8:24 PM  

 • മഞ്ജിത്‌, ഇതേ സംശയങ്ങള്‍ ആ ലേഖനം വായിച്ചപ്പോള്‍ എനിക്കും തോന്നിയിരുന്നു. അതിവിടെ കണ്ടപ്പോള്‍ സന്തോഷം.

  കുറഞ്ഞത്‌ ലേഖകന്‌ ആ കടുത്ത ഇംഗ്ലിഷ്‌ പ്രബന്ധത്തില്‍ നിന്ന് കുറച്ചു ഭാഗമെങ്കിലും കൊടുക്കാമായിരുന്നു. റിസര്‍ച്ച്‌ ഗൈഡിനു മനസ്സിലാകാത്ത ഭാഷ വായനക്കാര്‍ക്കും കൂടി കാണാന്‍. ഇരു പക്ഷങ്ങളുടേയും അഭിപ്രായം കൊടുക്കുന്ന രീതി മലയാള പത്ര ലോകത്തുള്ളതാണല്ലോ. പിന്നെ ഇവിടെ എന്തു പറ്റിയോ ആവോ? ആ പ്രൊഫസര്‍ക്ക്‌ ഇക്കാര്യത്തില്‍ പറയാനുള്ളതാണെന്ന് വായനക്കാരെങ്ങനെ അറിയും?

  By Blogger കല്യാണി, at 10:16 PM  

 • മന്‍‌ജിത്തേ, വളരെ നല്ല നിരീക്ഷണം. ഞാന്‍ ആ വാര്‍ത്ത വെറുതെ അങ്ങ് വായിച്ചുപോയി. ഒരു റിപ്പോര്‍ട്ടറുടെ വ്യൂ പോയിന്റില്‍ വായിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക സംശയങ്ങള്‍.

  പല ആധികാരിക വാര്‍ത്തകളും ചിലപ്പോള്‍ ഇങ്ങിനെയായിരിക്കുമോ? ഒരു വശം മാത്രം തന്നുള്ളത്. ചിലപ്പോഴെങ്കിലുമൊക്കെ മനോരമ ഒരു വശം ഒരു ഞായറാഴ്‌ചയും മറുവശം അടുത്ത ഞായറാഴ്‌ചയുമായി പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അത് ഉണ്ടാവുമോ എന്ന് നോക്കാം.

  എന്തായാലും വായിച്ചാല്‍ മനസ്സിലാകാത്ത ഒരു ഗവേഷണപ്രബന്ധം പിന്നെ ആര്‍ക്കുവേണ്ടിയാണ് ഉണ്ടാക്കുന്നത്? പക്ഷേ പത്രവാര്‍ത്തയായതുകൊണ്ട് അതുതന്നെയാണോ നിജസ്ഥിതി എന്ന് സംശയിക്കേണ്ട ഗതികേടിലാണിപ്പോള്‍.

  നല്ല നിരീക്ഷണം. ഇവിടെ ഏതുതരം പോസ്റ്റുകളൊക്കെയാണ് അഭികാമ്യമെന്ന് ഉമേഷ്‌ജി സമയവും സൌകര്യവും പോലെ ഒന്ന് വിശദീകരിച്ചിരുന്നെങ്കില്‍ ഒരു ഐഡിയാ കിട്ടിയേനെ. പ്രത്യേകിച്ചും ഉമേഷ്‌ജിയുടെ പേരും ആനപ്പുറത്തിരിക്കുന്ന പടവും ഉള്ള ഒരു ബ്ലോഗില്‍ :)

  By Blogger വക്കാരിമഷ്‌ടാ, at 9:28 AM  

 • യുക്തം പോലെ ചെയ്യൂ വക്കാരീ. എന്നാലും ആ കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടായിരുന്നു...

  ഞാന്‍ ഉദ്ദേശിച്ചതു്, അടിസ്ഥാനമില്ലാതെ പത്രക്കാരെ ചീത്ത പറയാന്‍ ഈ വേദി ഉപയോഗിക്കരുതു് എന്നാണു്. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ കഴിയുന്നത്ര തെളിവുകളോടെ...

  ഒരു പത്രവിമര്‍ശനമല്ല നമ്മുടെ ലക്ഷ്യം. അടുത്ത തവണ ഒരു പത്രക്കാരന്‍ കലേഷിനോടു ചോദിച്ചതു പോലെ ഒരു പ്രസ്താവന നടത്തിയാല്‍ നമുക്കു കാണിക്കാന്‍ ഒരു സ്ഥലം വേണം. ബ്ലോഗുകള്‍ പത്രങ്ങളെക്കാള്‍ വിശ്വാസ്യമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ അതും നമുക്കിവിടെ ഇടാം.

  എന്റെ കമന്റ് വക്കാരിയുടെ കമന്റുകളെ ഉദ്ദേശിച്ചായിരുന്നില്ല. അവയില്‍ ഞാനൊരു പ്രശ്നവും കണ്ടിരുന്നുമില്ല?

  വക്കാരി എന്തേ ഇന്വിറ്റേഷന്‍ സ്വീകരിക്കാതിരിക്കുന്നു? ഈ ബ്ലോഗിലെ ഏറ്റവും നല്ല കോണ്ട്രിബ്യൂട്ടറായി ഞാന്‍ വക്കാരിയെയാണു കാണുന്നതു്. വക്കാരിയുടെ ബ്ലോഗില്‍ ഇട്ടാലും മതി. നമുക്കു് അതിലേക്കൊരു ലിങ്ങ്ക് ഇവിടെ കൊടുക്കാം. ഏവൂരാന്റെയും സന്തോഷിന്റെയും മറ്റും ലേഖനങ്ങളിലേക്കും ഇങ്ങനെ ലിങ്ക് കൊടുക്കണം.

  By Blogger ഉമേഷ്::Umesh, at 10:21 AM  

 • മഞ്ജിത്തേ
  ഇതിലെ സംശയങ്ങള്‍, അന്നു പത്രം വായിച്ച പലര്‍ക്കും തോന്നിയിരുന്നു. വക്കാരി പറഞ്ഞതു പോലെ, അടുത്തയാഴ്ച് ‘ഗീതാഞജലി എക്സ്പ്രസ് പാളം തെറ്റിയപ്പോള്‍’ എന്നൊരു പീസ് പ്രതീക്ഷിക്കാ‍മെന്നു കരുതിയിരിക്കുകയായിരുന്നു.
  മറ്റൊരു കാര്യം, വിശ്വാസ്യതയാണ്. പത്രത്തിനായാലും ടി വിക്കായാലും ബ്ലോഗിനയാലും വിശ്വാസ്യത വേണമെന്നതിനു സംശയം വേണ്ട. പക്ഷേ,നമ്മുടെ ബൂലോഗത്തില്‍ കണ്ട മിക്ക പോസ്റ്റിലും ഞാന്‍ കണ്ട പൊതു കാര്യങ്ങള്‍ കാണുക- മാധ്യമങ്ങള്‍ക്കു വിശ്വാസ്യത തീരെയില്ല, ബ്ലോഗുകളെ അവ അവഗണിക്കുന്നു, ഭയക്കുന്നു മാത്രമല്ല, ബ്ലോഗുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നു പ്രചരിപ്പിക്കുന്നു അങ്ങനെ പോകുന്നു.
  ഇവിടെ മലയാളം മാധ്യമങ്ങളെ ക്കുറിച്ചു നോക്കാം. മലയാളം മാധ്യമങ്ങളില്‍ ബ്ലോഗുകളെക്കുറിച്ച് അധികം ലേഖനങ്ങള്‍ തന്നെ വന്നിട്ടില്ല, പിന്നെയല്ലെ വിശ്വാസ്യതയെ പറ്റി. ഈ മാധ്യമം ഇവിടെ പ്രചാരം നേടി വരുന്നതേയല്ലെയുള്ളു. മാത്രവുമല്ല, ബ്ലോഗുകള്‍ക്ക് സമാന്തര മാധ്യമമായി സമീപകാല ഭാവിയില്‍ വളരാന്‍ പറ്റുമോ. ഇല്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. വാര്‍ത്താ പ്രചാരണം അടിച്ചമര്‍ത്തുന്ന ഒരു സമൂഹത്തിലല്ലേ സമാന്തര മാധ്യമങ്ങള്‍ക്ക് സാധ്യതയുള്ളൂ? വായനക്കാരുടെ വിശാലമായ അഭിപ്രായപ്രകടനത്തിന് മാധ്യമങ്ങള്‍ അവസരമൊരുക്കുന്നില്ല എന്നൊരു അഭിപ്രായ പ്രകടനം ഞാനൊരിടത്ത് കണ്ടു. പത്രക്കടലാസിന് സ്വര്‍ണത്തിന്റെ വിലയുള്ള ഇക്കാലത്ത് ഒത്തിരി സ്ഥലം മാറ്റി വയ്ക്കാന്‍ പറ്റുമോ. ഇവന്മാരൊക്കെ എന്നു നന്നാകും എന്നൊരു ചോദ്യം മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് ഒരിടത്തു ചോദിച്ച് കണ്ടു. (കൊച്ചിയിലെ സമ്മേളനത്തെ പറ്റി മംഗളത്തില്‍ വന്ന വാര്‍ത്തയെപ്പറ്റി സിബു ഇട്ട പോസ്റ്റിലെ ഒരു കമന്റ്)മാധ്യമപ്രവര്‍ത്തകര്‍ പൊതുവെ വിവരശൂന്യരാണെന്ന പ്രയോഗങ്ങള്‍ ഇടയ്ക്കിടയ്ക്കു കാണുന്നു മുണ്ട്. അത് കുറെയൊക്കെ അരോചകമാണെന്ന് എനിക്കു തോന്നാറുണ്ട്.
  ഈ ബ്ലോഗ് , കഴിഞ്ഞ പോസ്റ്റിന്റെ കമന്റുകളില്‍ ഉമേഷ് പറഞ്ഞതു പോലെയുള്ള അവലോകനത്തിനുപയോഗിക്കുന്നതായിരിക്കും ഏറെ ഉചിതം. വക്കാരിയുടെ ബ്ലോഗില്‍ വരുന്ന മാധ്യമ പോസ്റ്റുകളില്ലെ, അവ ഒന്നാന്തരമാണ്. പത്രങ്ങളില്‍ വരുന്നതെല്ലാം സത്യമല്ലെന്ന് ഏവൂരാന്‍ പറഞ്ഞതിനോടും എനിക്കു യോജിക്കാന്‍ പറ്റുന്നില്ല. പക്ഷേ, ലേഖകന്മാര്‍ പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിനു മുന്‍പ് പരിശോധിക്കേണ്ടതാണെന്നതിനു സംശയം വേണ്ട. പ്രായോഗിക പരിചയമില്ലാത്തതിന്റെ അസ്കിതകള്‍ കാട്ടുന്നവര്‍ ഒപ്പിച്ചു വയ്ക്കുന്നത് പത്രാധിപന്മാര്‍ പരിശോധിക്കേണ്ടതുമാണ്.
  ഇനി ബ്ലോഗുകളുടെ വിശ്വാസ്യത. മാധ്യമങ്ങള്‍ വ്യവസ്ഥാപിത സ്ഥാപനങ്ങളാണ്. അവയ്ക്ക് വിശ്വാസ്യതയില്ലാതെ എത്ര നാള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും? അതേ സമയം, ആര്‍ക്കും ബ്ലോഗാം. എന്തും. അതുപയോഗിക്കുന്നവന്റെ മനോവ്യാപാരം പോലിരിക്കും അതിന്റെ വിശ്വാസ്യത. നന്നായുപയോഗിച്ചാല്‍ എല്ലാവര്‍ക്കും കൊള്ളാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന ഇംഗ്ലീഷ് ബ്ലോഗുകളിലൊന്ന് jetset lara അല്ലെ. അത് ഏതോ ഹോട്ടല്‍കോര്‍പറേഷന്റെ ഉത്പന്നമല്ലേ. അത്തരമൊകു വ്യാജ സാധനം ഏതായാലും പൊതു മാധ്യമങ്ങളില്‍ വരുമെന്ന് എനിക്കു തോന്നുന്നില്ല.

  By Blogger ഷാജുദീന്‍, at 11:46 AM  

 • “ഇവന്മാരൊക്കെ എന്നു നന്നാകും..” എന്നു് ആരോ ഒരാ‍ള്‍ കമന്റിട്ടതായി ഷാജുദ്ദീന്‍ എഴുതിക്കണ്ടു. അങ്ങനെയൊരു കമന്റ് ഞാന്‍ കാണുന്നില്ല. അതിനോടു് ഏറ്റവും അടുത്തു നില്‍ക്കുന്ന കമന്റ് ഞാനാണെഴുതിയതു്. “എന്നാണോ ഇവര്‍ക്കൊക്കെ വിശ്വാസ്യമായ ഒരു വരി എഴുതാറാവുക?” എന്നാണു ഞാന്‍ എഴുതിയതു്.

  ഇതിനുമുമ്പു് സിബുവിനെപ്പറ്റി നാലഞ്ചുപേര്‍ എഴുതിയതു തെറ്റായിരുന്നു. ഇതിലും ഞാന്‍ ഉദ്ധരിച്ച രണ്ടു കാര്യങ്ങളും വസ്തുതകള്‍ ശരിക്കു മനസ്സിലാക്കാതെ എഴുതിയതാണു്.

  ക്ഷമിക്കണം, പത്രക്കടലാസിനു സ്വര്‍ണ്ണത്തിന്റെ വിലയുണ്ടെന്നറിവില്ലായിരുന്നു സുഹൃത്തേ. ബ്ലോഗുകളില്‍ ഉറക്കമിളച്ചിരുന്നെഴുതുന്നവന്റെ തലച്ചോറിനു കളിമണ്ണിന്റെ പോലും വിലയില്ലായിരിക്കും.

  താങ്കളുടെ കമന്റിലെ അവസാനഭാഗത്തിനു തക്ക മറുപടി നല്‍കാന്‍ ആവശ്യമായ വിവരം സംഭരിക്കാനാണു് ഈ ബ്ലോഗ് തുടങ്ങിയതു്. അതു കണ്ടിട്ടു് പത്രക്കാര്‍ ന്യായീകരിക്കാന്‍ വരും എന്നു് അറിയാഞ്ഞിട്ടല്ല.

  By Blogger ഉമേഷ്::Umesh, at 3:32 PM  

 • ഷാജുദീന്‍, ഈ ലിങ്കിലെവിടെ jetset lara? അല്ലെങ്കില്‍ jetset lara-യെ പറ്റിയുള്ള താങ്കളുടെ റഫറന്‍സ് എവിടെ നിന്ന്‌? ബൂലോഗത്തില്‍ റഫറന്‍സുകള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ടെന്നോര്‍ക്കുക, എപ്പോഴും.

  എന്തുകൊണ്ട്‌ ബ്ലോഗുകള്‍ വിശ്വാസ്യതയില്‍ പത്രങ്ങളേക്കള്‍ മികച്ചുനില്‍ക്കുന്നുവെന്ന്‌ പലരും സമര്‍ത്ഥിച്ചിരുന്നു; ഞാനും. വായിക്കുമല്ലോ.

  By Blogger സിബു::cibu, at 3:32 PM  

 • അയ്യോ ഉമേഷ്‌ജി, ഞാനാ കമന്റ് ഡിലീറ്റ് ചെയ്തത് അതിന്റെ അവസാനം എഴുതിയ കാര്യം വെച്ചായിരുന്നു (ഉമ്മന്‍‌ചാണ്ടിയേയും മനോരമയേയും ബന്ധിപ്പിച്ച്). അത് എന്റെ വെറും ഊഹവും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള വെറും ഒരു പറച്ചിലുമായിരുന്നല്ലോ. സ്വകാര്യസംഭാഷണത്തിലോ അല്ലെങ്കില്‍ സ്വകാര്യബ്ലോഗിലോ പറയാവുന്ന ഒരു കാര്യമെന്നല്ലാതെ ഈ ബ്ലോഗില്‍ അങ്ങിനത്തെ ഊഹങ്ങള്‍ നമ്മള്‍ പറയാന്‍ തുടങ്ങിയാല്‍ അവസാനം വിശ്വാസ്യതയുടെ പേരില്‍ തുടങ്ങിയ ബ്ലോഗില്‍ പോലും വിശ്വാസ്യതയില്ലെന്ന് വരുമല്ലോ എന്നോര്‍ത്താണ് അത് ഡിലീറ്റ് ചെയ്‌തത്. അതിലെ ലാസ്റ്റ് ഖണ്ഡിക മാറ്റി ഞാന്‍ ഒന്നുകൂടി ഇടാം ആ കമന്റ്.

  ഇതൊരു ആധികാരികബ്ലോഗ് എന്ന രീതിയില്‍ ആരേയും കാണിക്കാവുന്ന ഒരു ബ്ലോഗ് ആകണമെന്നുണ്ട്. പത്രക്കാര്‍ പോലും ശ്രദ്ധിക്കുന്ന തരത്തില്‍. എന്റെ പേടി പലപ്പോഴും എന്റെ കമന്റുകളിലും പോസ്റ്റുകളിലും ആ ഉത്തരവാദിത്തബോധം ഞാന്‍ കാണിക്കുന്നുണ്ടോ എന്നുള്ളതാണ്.അതാണ് എന്റെ ഒരു മടി. മന്‍‌ജിത്തിന്റെ ഈ പോസ്റ്റ് വളരെ നല്ല ഒരു നിരീക്ഷണമായിട്ടാണ് എനിക്ക് തോന്നിയത്.

  എനിക്ക് ഇന്‍‌വിറ്റേഷന്‍ കിട്ടിയില്ലല്ലോ ഉമേഷ്‌ജി.

  By Blogger വക്കാരിമഷ്‌ടാ, at 4:42 PM  

 • അഡ്രസ്സിലൊരു A കുറഞ്ഞുപോയി വക്കാരീ. ശരിയാക്കി അയച്ചിട്ടുണ്ടു്.

  By Blogger ഉമേഷ്::Umesh, at 4:49 PM  

 • ഞാനൊക്കെ ഒരു ലേഖനം വായിച്ചാല്‍ കണ്ണുകൊണ്ടു വായിച്ചു അടുത്ത കോട്ടുവായിലൂടെ പുറത്തു പോകും, ഇങ്ങനെ അതിനെപറ്റി ഗൌരവമായൊന്നും ചിന്തിച്ചിട്ടില്ല. ഇനി മുതല്‍ ഞാനും ശ്രദ്ധിച്ചു വായിക്കും. :)

  By Blogger ബിന്ദു, at 8:17 PM  

 • ഷാജുദ്ദീന്‍,

  പത്രങ്ങളും ബ്ലോഗുകളും തമ്മിലുള്ള മൂപ്പിളമത്തക്കര്‍ങ്ങള്‍ക്കുള്ള വേദിയല്ല ഇത്. പത്രലോകമെന്ന വിശാലമായ ക്യാന്‍‌വാസിനോട് ചേര്‍ത്തു വയ്ക്കാന്‍ ബ്ലോഗിംഗ് വളര്‍ന്നിട്ടില്ല എന്ന വിശ്വാസക്കാരനുമാണു ഞാന്‍.എന്നിരുന്നാലും ഇന്റര്‍‌നെറ്റ് വഴി പിറന്നു വീണ മാധ്യമങ്ങളില്‍ ഏറ്റവും പ്രയോജനകരമായി ഉപയോഗപ്പെടുത്താവുന്നത് എന്നൊരു നിരീക്ഷണം ബ്ലോഗുകളെപ്പറ്റിയുണ്ട്.

  ഈ ബ്ലോഗിന്റെ പിറവിക്കു കാരണം ഷാജുദ്ദീന്‍ അറിഞ്ഞുകാണുമല്ലോ. ബൂലോകകൂട്ടായ്മയെപ്പറ്റിയുള്ള ടെലി - ഇന്നിനിടയില്‍ ഏഷ്യാനെറ്റ് റേഡിയോയുടെ അവതരാകന്‍ ബ്ലോഗിങ്ങിന്റെ വിശ്വാസ്യതയെപ്പറ്റി,(ആ അവതാരകന്റെ വീക്ഷണത്തില്‍ നെറ്റില്‍ നടക്കുന്നതെല്ലാം നിഴല്‍ യുദ്ധമാണ് !) മാത്രം പേര്‍ത്തും പേര്‍ത്തും ചോദ്യമുന്നയിച്ചതാണ് ഇങ്ങനെയൊന്നിനെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇത് പത്രങ്ങളും ബ്ലോഗുകളും തമ്മിലുള്ള കിടമത്സരമായി കാണേണ്ട.

  പത്രങ്ങള്‍ എഴുതുന്നതെല്ലാം വിശ്വാസ്യയോഗ്യമല്ല എന്ന അഭിപ്രായം എനിക്കില്ല. ഇവിടെ അഭിപ്രായം പറയുന്ന ആര്‍ക്കുമുണ്ടെന്നു തോന്നുന്നില്ല. സാങ്കേതിക വിദ്യ ഇത്രയേറെ വളര്‍ന്നിട്ടും കാര്യങ്ങള്‍ അറിയാന്‍ ഇപ്പോഴും ആശ്രയിക്കുന്നത് പത്രങ്ങളെത്തന്നെയാണ്. ഈ വിശ്വാസത്തിനനുസരിച്ച് പത്രങ്ങള്‍ വിശ്വാസ്യയോഗ്യമായവ മാത്രം എഴുതിയിരുന്നെങ്കില്‍ എന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. ഫ്ലാഷ് ന്യൂസ് ജേണലിസത്തിന്റെ കാലത്ത് ആദ്യമെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ എല്ലാത്തിന്റെയും വിശ്വാസ്യതയളക്കുക ശ്രമകരമാണെന്നറിയാം. എങ്കിലും ആ ശ്രമമാണ് വായനക്കാര്‍ വിലമതിക്കുന്നത്.

  വരമൊഴിയെപ്പറ്റിയും മലയാളം ബ്ലോഗിങ്ങിനെപ്പറ്റിയുമൊക്കെ വന്ന ലേഖനങ്ങളെ അടിസ്ഥാനമാക്കി പലരും വികാരപരമായി പ്രതികരിച്ചിട്ടുണ്ട്. പേരിന്റെ ഇനിഷ്യല്‍ മാറിപ്പോയാല്‍ ഫോണ്‍ വിളിച്ച് പരിഭവപ്പെടുന്ന ഒരു വായനക്കാരന്റെ വികാരമായി അവയെക്കണ്ടാല്‍ മതി. അവനെ സംബന്ധിച്ചിടത്തോളം അവന്റെ പേരാണല്ലോ വലുത്.

  വായനക്കാരുടെ പ്രതികരണങ്ങള്‍ ഇടാനുള്ളാ സ്പേസിനെപ്പറ്റി പറഞ്ഞതു ശ്രദ്ധിച്ചു. സ്പേസ് അല്പമേറെ മാറ്റിവച്ചാലും ക്രിയാത്മക വിമര്‍ശനങ്ങള്‍ പോലും പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തയാറാകുമെന്ന് പ്രതീക്ഷിക്കവയ്യ. ആ ഒരു കാര്യത്തില്‍ ബ്ലോഗിനുള്ള മേന്മ ഒന്നുവേറെ തന്നെ. എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന ഒരു പത്രത്തിന് യുട്ടോപ്യയില്‍ പോലും സാധ്യതയില്ലല്ലോ.

  ഞാനിവിടെയിട്ട ലേഖനത്തിലും കാടുകയറി വെടിവയ്ക്കല്‍ ഇല്ല എന്നാണെന്റെ തോന്നല്‍. ഗുണപരമാ‍യ വിമര്‍ശനമേയുള്ളൂ എന്നും കരുതട്ടെ. വിരല്‍ത്തുമ്പില്‍ ക്രോസ് ചെക്കിങ്ങിന് വിഭവങ്ങള്‍ ഏറെയുണ്ടായിട്ടും പത്രലേഖകര്‍ അവയെ ഉപയോഗപ്പെടുത്താത്തത് അതിശയകരം തന്നെ എന്നു പറഞ്ഞുവയ്ക്കുകയായിരുന്നു.

  By Blogger മന്‍ജിത്‌ | Manjith, at 8:55 PM  

 • ബ്ലോഗുകളുടെ വിശ്വാസ്യതയെപ്പറ്റി മാദ്ധ്യമങ്ങള്‍ “മോങ്ങാന്‍ “തുടങ്ങിയിട്ടു കുറെക്കാലമായി. നമുക്കിനി മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെപ്പറ്റി സംസാരിക്കാം...

  ബ്ലോഗഉം ഒരു മാദ്ധ്യമ തന്നെയല്ലെ
  അതിനാല്‍ വാക്കുകള്‍ നന്നായി ഉപയൊഗിക്കുക
  പത്രങ്ങളുടെ വിശ്വാസ്യത?
  വിശ്വാസ്യത എന്ന കാര്യം ഒരു ബ്ലൊഗന്‍ ആകുന്നതിനു മുന്‍പു ഞാനും കലെഷുമാന്‍ തുട്ങി വചതു. അല്ലെ ?

  “വിശ്വാസ്യത“
  ലൊകത്തിന്റ്റെ നിലനിൽപ്പു തന്നെ
  അതില്‍ അല്ലെ ?

  By Blogger kuzhoor wilson, at 10:36 PM  

 • ഉമേഷ്, സിബുവിന്റെ പോസ്റ്റിലെ കമന്റ് അന്ന് വേഗം വായിച്ചു പോയതേ ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് ഓര്‍മയില്‍ നിന്നു എഴുതിയതാണ്. അതില്‍ ഉമേഷ് ഉദ്ദേശിച്ച 15 വര്‍ഷത്തിന്റെ കണക്ക് ലേഖകനെ ബീഫ് ചെയ്ത ആള്‍ക്ക് പറ്റിയ തെറ്റാവാനും സാധ്യതയില്ലെ? പിന്നെ തൂലികാനാമങ്ങള്‍. എന്നീ നാമങ്ങള്‍ എന്നെഴുതിയാല്‍ ശരിയാവുമായിരുന്നു. പക്ഷേ, നമ്മുടെ കുറുമാന്റെ ബ്ലോഗിന്റെ പേര് കുറുമാന്‍, എഴുതുന്ന പേരും കുറുമാന്‍.. അപ്പോള്‍ അതു തൂലികാനാമമല്ലെ?
  കമന്റ് കൃത്യമായി ചേര്‍ക്കാതിരുന്നതിനു സോറി.
  പത്രക്കടലാസിനു നല്ല വില തന്നെയാണ്.സംശയം വേണ്ട. പത്രത്തില്‍ പ്രതികരണം ചേര്‍ക്കുന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. ബ്ലോഗെഴുത്ത് മോശപ്പെട്ട കാര്യമാണെന്ന് ഞാന്‍ കരുതിയിട്ടു കൂടെയില്ല.
  സിബു, ജെറ്റ് സെറ്റ് ലാറ എന്ന ബ്ലോഗ് തട്ടിപ്പാണെന്ന് ഞാന്‍ കഴിഞ്ഞ ജനുവരിയിലാണ് കണ്ടത്. ഇപ്പോഴും ഗൂഗിളില്‍ അതു കണ്ടെത്താനായേക്കും.
  മഞ്ജിത്തെ, ഏഷ്യാനെറ്റിലെ ആ ചോദ്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.

  By Blogger ഷാജുദീന്‍, at 2:43 AM  

 • ഒരു തിരുത്ത്
  ലേഖകനെ ബീഫ് ചെയ്തത് എന്നത്, ലേഖകനെ ബ്രീഫ് ചെയ്തത് എന്നു വായിക്കണം

  By Blogger ഷാജുദീന്‍, at 2:46 AM  

 • മഞിത്തേട്ടാ.. ഇതു കാണാന്‍ താമസിച്ചു. ഇയാ‍ളുടെ ഗൈഡ് ശിവശങ്കര്‍പിള്ള സാറിനെ എനിക്കു നന്നായി അറീയാം. ഞാന്‍ കുസാറ്റ് പ്രൊഡക്ട്, കെമിസ്ട്രി. ശിവശങ്കര്‍പിള്ള സാറ് കെമിസ്ട്രിയില്‍ നിന്നും എന് വിയറൊണ്മെന്റില്‍ പോയ ആളാണ്. നല്ല വിവരമുള്ള, നന്നായി ഇംഗ്ലീഷ് അറിയവുന്ന മനുഷ്യന്‍. എന്തോ പിശകുണ്ട്. സ്നേഹിതര്‍ക്ക് കത്തുകള്‍ അയച്ചീട്ടുണ്ട്. ഇത്തിരി താമസിച്ചാലും ശരിയായ വിവരം അറിയാന്‍ കഴിഞ്ഞേക്കും എന്നു വിശ്വസിക്കുന്നു.

  By Blogger ഡാലി, at 9:38 AM  

 • [ഓട്ടോ: ഡാലീ, കുസാറ്റില്‍ ഏതു കൊല്ലങ്ങളില്‍? എന്റെ പെങ്ങള്‍ അവിടെ പഠിച്ചിരുന്നു കുറെ നാള്‍ മുമ്പ് (2001 വരെ) മറൈന്‍ ബയോ-യില്‍]

  By Blogger പാപ്പാന്‍‌/mahout, at 9:54 AM  

 • ഷാജുദീന്റെ "ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന ഇംഗ്ലീഷ് ബ്ലോഗുകളിലൊന്ന് jetset lara അല്ലെ" എന്ന വാചകം "ജെറ്റ് സെറ്റ് ലാറ എന്ന ബ്ലോഗ് തട്ടിപ്പാണെന്ന് ഞാന്‍ കഴിഞ്ഞ ജനുവരിയിലാണ് കണ്ടത്. ഇപ്പോഴും ഗൂഗിളില്‍ അതു കണ്ടെത്താനായേക്കും." എന്ന്‌ വളരെ 'ലൈറ്റ്‌' ആയത്‌ ശ്രദ്ധിച്ചു. റഫറന്‍സുകള്‍ വച്ചുള്ള ഒരു ലേഖനത്തിനുള്ള ഈ ഉദാഹരണം കണ്ടുവോ?

  വിശാഖം, നിര്‍വചനങ്ങള്‍ വച്ചുള്ള കളിക്കെന്തിനാ ഒരുമ്പെടുന്നത്‌...

  മഞ്ഞപ്പത്രങ്ങളേ പറ്റിയോ തട്ടിപ്പുബ്ലോഗുകളേ പറ്റിയോ അല്ല നമ്മളിവിടെ സംസാരിക്കുന്നതെന്ന്‌ രണ്ടുകൂട്ടര്‍ക്കും അറിയാം. എസ്റ്റാബ്ലിഷ്ഡ്‌ ആയിട്ടുള്ള പത്രങ്ങളുടേയും ബ്ലോഗുകളുടേയും വിശ്വാസ്യതയെപറ്റിയാണ്‌ ചര്‍ച്ച. ഒരു മീഡിയം എന്ന നിലയില്‍ അവയുടെ അടിസ്ഥാനസ്വഭാവസവിശേഷതകളും അവയുടെ സംസ്കാരവും വിശ്വാസ്യതയെ എങ്ങനെ തീരുമാനിക്കുന്നുവെന്ന്‌...

  By Blogger സിബു::cibu, at 10:28 AM  

 • വിശാഖത്തിന്റെ ആരോപണം അംഗീകരിക്കുന്നു. ബ്ലോഗിന്റെ ടൈറ്റില്‍ വാക്യങ്ങള്‍ മാറ്റിയിട്ടുണ്ടു്. പേരു്, ടെമ്പ്ലേറ്റ് എന്നിവയും മാറ്റി.
  വികാരങ്ങള്‍ വിവേകത്തിനു വഴിമാറട്ടേ.

  By Blogger ഉമേഷ്::Umesh, at 8:02 PM  

 • മന്‍ ജിത്‌ പറഞ്ഞതു വളരേ ശരിയാണു, ഇങ്ങനെ കൊണ്ടാടാന്‍ പട്ടിയ വക ഒന്നും ഗീതാഞ്ജലി എക്സ്പ്രസ്സില്‍ ഞാനും കണ്ടില്ല. മാത്രമല്ല, അലക്സ്‌ പൈകട എന്ന വ്യക്‍തി എന്തായിരുന്നാലും സാരമില്ല. സര്‍വ്വകലാശാല അധിര്‍കൃതര്‍ക്ക്‌ പ്രബന്ധം വായിച്ചിട്ടു മനസ്സിലായില്ല എന്ന ഭാഗം ഒഴിവാക്കമായിരുന്നു മനോരമക്ക്‌. ഞങ്ങള്‍ (ഞാന്‍ ഒരു പൂര്‍വകാല ഗവേഷണ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്‍ ആണ്‌) സര്‍വ്വകലാശാലയില്‍ സുഹൃത്തുക്കള്‍ വഴി അന്വേഷിക്കുന്നുണ്ട്‌ അതിന്റെ സത്യാവസ്ഥയൈ പറ്റി, അറിഞ്ഞാല്‍ ഉടനെ ബ്ലോഗു ചെയ്യുന്നതാണ്‌. ഡാലി പറഞ്ഞ പോലെ, ഡാലിയും ഞാനും ഒക്കെ ഗവേഷണ പ്രബന്ധങ്ങല്‍ ആംഗിലത്തില്‍ എഴുതിയവരും, ഗവേഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചവരും ഒക്കെയാണ്‌.
  സര്‍വ്വോപരി, ശിശാപി എന്നു ഞങ്ങള്‍ ഒക്കെ സ്നേഹപൂര്‍വം (അദ്ദേഹം കേള്‍ക്കാതെ) വിളിക്കുന്ന ഡോ. ശിവശങ്കര പിള്ള സാറിനെ നേരിട്ടു അറിയുകയും ചെയ്യാം. വായിച്ചിട്ടു മനസ്സിലാകാത്ത പ്രബന്ധം, സബ്മിറ്റ്‌ ചെയ്യാന്‍, ലോകതില്‍ ഒരു റിസര്‍ച്ച്‌ ഗൈഡും പറയില്ല.
  രണ്ടാമതായി, മനോരമ പറഞ്ഞ പോലേ സര്‍വ്വകലാശാലാ അധികാരികള്‍, ഒരു ഗവേഷണ പ്രബന്ധവും വായിച്ചു നോക്കാറില്ല. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഇറ്റ്‌ ഇസ്‌ അ പ്യുവര്‍ലി ക്ലെറിക്കല്‍ ജോബ്‌ ഫോര്‍ ദെം. അഭിപ്രായങ്ങള്‍ റഫറിയാണു അറിയിക്കുക. കൊച്ചി സര്‍വ്വകലാശാല എന്റെ അറിവില്‍ ഏതാണ്ട്‌ 3-4 തവണമാത്രം ആണ്‌ പ്രബന്ധം നിരാകരിച്ചിട്ടുള്ളത്‌, അതിനു പ്രധാന കാരണം, അതിന്റെ ഉള്ളടക്കം ശുദ്ധഭോഷ്കാണന്നതു തന്നെ. അങ്ങനെ എങ്കില്‍, ശ്രീ പൈകടയുടെ പ്രബന്ധവും അങ്ങനെ ഒരെണ്ണം ആയിരിക്കണം വായിച്ചാല്‍ മനസിലാവാതിരിക്കാന്‍.
  എന്തായാലും, ഇങ്ങനത്തെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ കുറെക്കൂടെ ശ്രദ്ധിക്കണ്ടതാണ്‌. ഈയിടെ സേതുലക്ഷ്മി എന്ന ആനയുടെ ഗര്‍ഭക്കഥ ഒരു ഉദാഹരണം.
  അതേ പോലെ, ഒരു 2 വര്‍ഷം മുന്നെ മനോരമ മറ്റൊരു കുസാറ്റിയന്റെ കാര്യം പ്രസിദ്ധീകരിച്ചു. ജ്യോതി എന്ന മഹത്തായ ഒരു ഗവേഷകനെ പറ്റി. കൂടുതല്‍ ഒന്നും പറയുന്നില്ല.
  എന്തായാലും ഇ വിഷയത്തില്‍ ലഭിക്കാവുന്ന ഡാറ്റ കിട്ടിയാല്‍ ഉടന്‍ കൂടുതല്‍ എഴുതാം

  By Blogger sreekantha ramanuja dasan, at 7:47 AM  

Post a Comment

Links to this post:

Create a Link

<< Home