പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Thursday, July 13, 2006

പത്രങ്ങളും വിശ്വാസ്യതയും പിന്നെ ഞാനും!

എട്ടിലോ ഒമ്പതിലോ പത്തിലോ മറ്റോ പത്രധര്‍മ്മം എന്ന പാഠം പഠിച്ചതിനുശേഷമായിരുന്നു (പഠിപ്പിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി-കാരണം പഠിച്ചോ എന്ന് ചോദിച്ചാല്‍ ആരാണ് അത് എഴുതിയത് എന്നുപോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല) നമ്മുടെ നാട്ടിലെ പത്രങ്ങള്‍ ഈ പത്രധര്‍മ്മം പാലിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്രമാത്രം എന്നുള്ള കാര്യം ഞാന്‍ അന്വേഷിക്കാന്‍ ആരംഭിച്ചത്. സാധാരണഗതിയില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ അങ്ങേയറ്റം പരീക്ഷവരെ മാത്രം ഓര്‍ത്തിരിക്കുകയും അതിന്റെ പ്രായോഗിക വശങ്ങള്‍, നിത്യജീവിതത്തില്‍ ഈ പഠിക്കുന്ന ഭാഗങ്ങള്‍ക്കുള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒട്ടുമേ ബോധവാനാവുകയും ചെയ്യാത്ത ഞാന്‍, എന്തുകൊണ്ടോ പത്രധര്‍മ്മത്തിന്റെ കാര്യത്തില്‍ അതിന് നേരേ വിപരീതമായ കാര്യം ചെയ്‌തു. അത് എനിക്ക് പാരയുമായി. മനഃസമാധാനം ദിനം‌പ്രതിയെന്നോണം നഷ്‌ടപ്പെടാന്‍ തുടങ്ങി.

ആ പാഠത്തിന്റെ പഠനത്തിനു ശേഷമുള്ള ആദ്യ ഇലക്‍ഷന്‍ കാലത്തായിരുന്നു പത്രധര്‍മ്മം പരീക്ഷിച്ചറിയാനുള്ള ആദ്യത്തെ അവസരം കൈവന്നത്. മനോരമയില്‍ വന്ന മണ്ഡലങ്ങളിലൂടെ എന്നോ മറ്റോ ഉള്ള പം‌ക്തി ഞാന്‍ സ്ഥിരമായി വായിച്ചു. മനോരമ പറഞ്ഞ പ്രകാരമുള്ള കണക്കുകൂട്ടലൊക്കെ നടത്തി നാട്ടില്‍ യു.ഡി.എഫ് ജയിക്കുമെന്നുള്ള ഒരു നിഗമനത്തില്‍ ഞാന്‍ എത്തി-കാരണം, മിക്ക മണ്ഡലങ്ങളിലൂടെയും മനോരമ കടന്നുപോയപ്പോള്‍ അവിടങ്ങളിലെല്ലാം വീശുന്ന കാറ്റ് യു.ഡി.എഫിന്റേതു മാത്രം. ചിലയിടത്തൊക്കെ ആ കാറ്റ് കൊടുങ്കാറ്റായിപ്പോലും രൂപാന്തരപ്പെട്ടു. അതില്‍ ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്ന കാ‍ര്യം ചാത്തന്നൂരിലെ മത്സരമായിരുന്നു. മനോരമ വായിച്ച ഞാന്‍ അവിടെ സി.വി. പത്‌മരാജന്‍ ഇലക്ഷനൊക്കെ കഴിഞ്ഞ് കൈയ്യും വീശി ജീപ്പില്‍ പോകുന്നത് വെറുതെ സ്വപ്നം കണ്ടു. പക്ഷേ ഇലക്ഷന്‍ ഫലം വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ഭരണം ഇടതുമുന്നണിക്ക്. ചാത്തന്നൂരില്‍ സി.വി. പത്മരാജന്‍ തോറ്റു.

അന്ന് തുടങ്ങി എന്റെ ആശങ്കകള്‍. അപ്പോള്‍ മനോരമയെന്തേ യു.ഡി.എഫ് ജയിക്കുമെന്നൊക്കെ എന്നെ വിശ്വസിപ്പിക്കുന്ന രീതിയില്‍ എഴുതി? ഇതാണോ പത്രധര്‍മ്മം? ഈ കാര്യം വീട്ടിലുള്ളവരോടും മറ്റുള്ളവരോടുമൊക്കെ ചര്‍ച്ച ചെയ്തപ്പോളാണ് മനസ്സിലായത് ഓരോ പത്രത്തിനും നമ്മുടെ നാട്ടില്‍ ഓരോ അജണ്ടയുണ്ടെന്നും അതിനെ ബാധിക്കുന്ന കാര്യങ്ങളിലൊക്കെ പത്രധര്‍മ്മത്തെക്കാളും മറ്റുപലതിലുമായിരിക്കും പത്രങ്ങളുടെ ശ്രദ്ധയെന്നുമൊക്കെ.

പിന്നെ വളരെ ശ്രദ്ധേയമായ ഒരു പത്രധര്‍മ്മം ഞാന്‍ കണ്ടത് ഐ.എസ്.ആര്‍.ഓ ചാരക്കേസിലായിരുന്നു. ഐ.എസ്.ആര്‍.ഓ യുടെ നേട്ടങ്ങളൊക്കെ വളരെ ആദരപൂര്‍വ്വം നോക്കിക്കണ്ടുകൊണ്ടിരുന്ന എന്നെ പത്രങ്ങളിലെ വാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിച്ചു. വളരെ വിശ്വാസയോഗ്യമായ രീതിയിലായിരുന്നു അവര്‍ വാര്‍ത്തകള്‍ തന്നിരുന്നത് (അപ്പോഴും വായന മനോരമ മാത്രം, പക്ഷേ മറ്റു പത്രങ്ങള്‍ വായിച്ചവരുടെ അഭിപ്രായങ്ങളിലും വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു).പക്ഷേ കുറെക്കഴിഞ്ഞ് കാര്യങ്ങളുടെ നിജസ്ഥിതി മറ്റുമാര്‍ഗ്ഗങ്ങളില്‍ കൂടി അറിഞ്ഞപ്പോള്‍ എനിക്കുണ്ടായ വികാരം എന്താണെന്ന് ഇപ്പോഴും പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. ഇത്രയും ക്രൂരമായി പത്രങ്ങള്‍ പെരുമാറുമോ എന്ന് ഞാന്‍ അന്നാദ്യമായി സംശയിച്ചു. ആ കേസിലുള്‍പ്പെട്ട ചില ശാസ്ത്രജ്ഞരുടെ പ്രാഗത്ഭ്യത്തെപ്പറ്റിയൊക്കെ പിന്നീട് മനസ്സിലാക്കിയപ്പോള്‍ എനിക്കെന്തൊ വല്ലാത്തൊരു ദേഷ്യമായിരുന്നു പത്രങ്ങളെപ്പറ്റി. ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല, എത്രമാത്രം പത്രങ്ങള്‍ അക്കാര്യത്തില്‍ സത്യം വിളമ്പി, എത്രമാത്രം അവരുടെ അജണ്ട വിളമ്പി എന്ന്. പിന്നീട് വന്ന കോടതിവിധികളിലൂടെയും മറ്റും ഞാന്‍ മനസ്സിലാക്കിയത് പല പത്രങ്ങള്‍ക്കും പല ഗൂഢമായ ഉദ്ദേശവും ആ റിപ്പോര്‍ട്ടിംഗിലൂടെ ഉണ്ടായിരുന്നു എന്നാണ്. പക്ഷേ എന്നിട്ടുപോലും പശ്ചാത്താപത്തിന്റെ ഒരു കണികപോലും കാണിക്കാന്‍ പല പത്രങ്ങളും തയ്യാറായില്ല (കുറഞ്ഞ പക്ഷം എന്റെ അറിവിലെങ്കിലും)

കരുണാകരനെ താഴെയിറക്കുക എന്ന ഗൂഢലക്ഷ്യം ആ റിപ്പോര്‍ട്ടിംഗിലൂടെ പത്രക്കാര്‍ സാധിച്ചെടുത്തു. രണ്ടു പ്രാവശ്യവും കരുണാകരനെ താഴെയിറക്കാന്‍ നിരപരാധികള്‍ കരുവായെന്നത് കരുണാകരന്റെ നിയോഗമായിരുന്നുവോ? ആദ്യം രാജന്‍, പിന്നെ ഐ.എസ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞര്‍!

രണ്ടായിരാമാണ്ടോടെ പത്രങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനുകള്‍ തുടങ്ങി പല പത്രങ്ങള്‍ ഒന്നിച്ചു വായിക്കാന്‍ തുടങ്ങിയപ്പോഴാണ് പത്രങ്ങളുടെ വിശ്വാസ്യതയുടെ ആഴം ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. ഒരു പത്രം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത മറ്റേ പത്രത്തില്‍ കാണുകയേ ഇല്ല. അല്ലെങ്കില്‍ വളച്ചൊടിച്ച വാര്‍ത്തകള്‍-ഒരു പത്രത്തില്‍ വരുന്നതിനു നേരെ വിപരീതമായിപ്പോലുമുള്ള വാര്‍ത്തകള്‍. അത് ഒരേ സമയം രസകരവും എന്നാല്‍ എന്നെ രോഷം കൊള്ളിക്കുന്നതുമായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ ഭരണകാലത്ത് വക്കം പുരുഷോത്തമനോട് ദീപികയ്ക്ക് എന്തോ പക ഉണ്ടായിരുന്നുവെന്ന് ദീപിക സ്ഥിരമായി വായിക്കുകയാണെങ്കില്‍ നമുക്ക് തോന്നുമായിരുന്നു. ഒരു ഉദാഹരണം ഇവിടെ. പക്ഷേ കേരള കൌമുദി വായിക്കുകയാണെങ്കില്‍ അങ്ങിനെയുള്ള പ്രശ്‌നമൊന്നും നമുക്ക് തോന്നുകയേ ഇല്ല. മനോരമയുടെ ദൌര്‍ബ്ബല്ല്യങ്ങള്‍ നാട്ടില്‍ പാട്ടാണല്ലോ. വാര്‍ത്തകള്‍, പത്രങ്ങളുടെ താത്‌പര്യങ്ങളും കൂടി മനസ്സില്‍ വെച്ചുകൊണ്ട് വായിക്കുകയാണെങ്കില്‍ കിട്ടുന്ന ചിത്രം അവരുടെ വാര്‍ത്തകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായി തോന്നി എനിക്ക്. പക്ഷേ നാട്ടില്‍ എത്ര പേര്‍ക്ക് പല പത്രങ്ങള്‍ ഒന്നിച്ച് വായിക്കാന്‍ പറ്റും? അങ്ങിനെയുള്ള നല്ലൊരു ശതമാനം വായനക്കാരിലും ഈ പത്രങ്ങള്‍ അവരുടെ താത്‌പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയല്ലേ? ഇതൊക്കെയായി എന്റെ ചിന്തകള്‍.

ഈ അടുത്ത കാലത്തായി പത്രങ്ങളുടെ വിശ്വാസ്യത എനിക്ക് ഒന്നുകൂടി ബോധ്യപ്പെട്ടത് നാനോടെക്‍നോളജി സെന്റര്‍ തുടങ്ങാമെന്നും പറഞ്ഞ് രണ്ട് ഡോക്ടര്‍ സഹോദരന്മാര്‍ മുന്‍‌മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചപ്പോഴുള്ള പത്രവാര്‍ത്തകളായിരുന്നു. നാനോടെക്‍നോളജി സെന്ററിന് ഒരു കോടി രൂപാ അനുവദിച്ചിരിക്കുന്ന എന്ന മനോരമ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ ആനന്ദിച്ചു. പക്ഷേ അമേരിക്കയിലുള്ള മലയാളികളായ രണ്ട് ഗവേഷകര്‍ ആ ഡോക്‍ടര്‍ സഹോദരന്മാരോട് സംവദിക്കുകയും, അവരുടെ പല അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിക്കുകയും ചെയ്തിട്ടും ആദ്യമൊന്നും പല പത്രങ്ങളും അക്കാര്യം വായനക്കാരെ അറിയിച്ചില്ല. ആ അമേരിക്കന്‍ ഗവേഷകരുടെ ബ്ലോഗ് ഇവിടെ. (ഇതില്‍ ഞാന്‍ ഏഷ്യാനെറ്റിനെ അഭിനന്ദിക്കുന്നു. കാരണം അമേരിക്കയിലുള്ള ഗവേഷകര്‍ക്ക് എല്ലാ ധാര്‍മ്മിക പിന്തുണയും നല്‍‌കുകയും അവരുടെ വാദങ്ങള്‍ ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് വഴി വായനക്കാരെ അറിയിക്കുകയും ചെയ്‌തത് ശ്രീ മുകുന്ദന്‍ മേനോനാണ്). പിന്നെ പയ്യെപ്പയ്യെ ഡോക്‍ടര്‍ സഹോദരരുടെ വാദഗതികള്‍ ദുര്‍ബ്ബലമായി വന്നപ്പോള്‍ പല പത്രങ്ങളും അവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് വാര്‍ത്തകള്‍ ഇട്ടു. പക്ഷേ അപ്പോഴും എന്റെ അറിവില്‍ മനോരമ ആ ഡോക്‍ടര്‍ സഹോദരരുടെ കാര്യത്തില്‍ ഒരു സംശയവും പ്രകടിപ്പിച്ചില്ല. അവരുടെ വെബ്‌സൈറ്റ് നവീകരിക്കുന്നതുവരെ അവരെപ്പറ്റിയുള്ള ഫീച്ചര്‍ മനോരമ ഇട്ടിരുന്നു. അതിനെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പ് ഇവിടെ. (ഇനി മനോരമയും അങ്ങിനത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ വാചകം പിന്‍‌വ‌ലിക്കുന്നു. എങ്കിലും അവരുടെ വെബ്‌സൈറ്റില്‍ വളരെക്കാലം ആ ഡോക്‍ടര്‍ സഹോദരരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫീച്ചര്‍ ഉണ്ടായിരുന്നു).

അങ്ങിനെ ഒരു ഇലക്ഷന്‍ കാലത്തുണ്ടായ പത്രവിശ്വാസ്യതാന്വേഷണം എത്തിനില്‍ക്കുന്നത് ഇക്കഴിഞ്ഞ ഇലക്‍ഷന്‍ കാലത്തെ അന്വേഷണത്തിലാണ്. അതിന്റെ ചെറിയ ഒരു വിവരണം ഇവിടെ.

അതുപോലെ പലപ്പോഴും കണ്ടിരിക്കുന്ന വേറൊരു കാര്യം എങ്ങും തൊടാതെയുള്ള പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗാണ്. ഒരിക്കല്‍ ഏവൂരാനും അതിനെപ്പറ്റി എഴുതിയിരുന്നു എന്ന് തോന്നുന്നു. ഒരു ഉദാഹരണം ഇവിടെ. പക്ഷേ ഇക്കാര്യത്തില്‍ പ്രായോഗികമായ പല ബുദ്ധിമുട്ടും പത്രങ്ങള്‍ക്കുണ്ടായിരിക്കും. അത് ഞാന്‍ മനസ്സിലാക്കുന്നു.

പക്ഷേ മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ പത്രങ്ങള്‍ മൊത്തത്തില്‍ വിശ്വാസയോഗ്യമല്ലെന്നോ അവര്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു വാര്‍ത്ത പത്രത്തില്‍ വന്നു എന്നതുകൊണ്ടു മാത്രം വിശ്വാസയോഗ്യമായിരിക്കണമെന്നില്ല എന്നുമാത്രം. പത്രത്തിന് ജനമനസ്സുകളിലുള്ള സ്ഥാനം വളരെ വലുതാണ്. നാട്ടില്‍ പലരും പത്രവാര്‍ത്തകളെ അതേപടി വിശ്വസിക്കുന്നവരുമാണ്. പക്ഷേ ആ ഉത്തരവാദിത്തബോധം ചില റിപ്പോര്‍ട്ടിംഗിലെങ്കിലും മനഃപൂര്‍വ്വമായിപ്പോലും പത്രങ്ങള്‍ കാണിക്കുന്നില്ല. നാട്ടിലെ പല കൊള്ളരുതായ്‌മകളും വെളിച്ചത്തുകൊണ്ടുവരാനും പല നല്ല വിവരങ്ങള്‍ നമുക്ക് നല്‍‌കാനും പത്രങ്ങള്‍ എപ്പോഴും മുന്നിലുണ്ട്. അതേ പത്രങ്ങളോ അതിനോട് ബന്ധപ്പെട്ടവരോ തന്നെയാണ് ഒരു രഹസ്യക്യാമറയും വെച്ച് കൈക്കൂലി മേടിക്കാത്ത ആള്‍ക്കാരുടെ പുറകെ നടന്ന് കൈക്കൂലി എങ്ങിനെയെങ്കിലും മേടിപ്പിച്ചോ അല്ലെങ്കില്‍ മേടിച്ചപോലെ വരുത്തിയോ ഒക്കെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. അതിനെപ്പറ്റി ഇവിടെ. (രഹസ്യക്യാമറാ പരിപാടിയെപ്പറ്റി വളരെ നല്ല ഒരു ലേഖനം വന്നത് കേരള കൌമുദിയിലായിരുന്നു. ഇപ്പോള്‍ ആ ലിങ്കില്ല). അതുപോലെ അതേ പത്രങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ഒരേ വാര്‍ത്ത തങ്ങള്‍ക്കു യോജിച്ച രീതിയിലാക്കി നമുക്ക് വിളമ്പുന്നത്. അതിലാണ് എന്റെ പ്രതിഷേധം. പിന്നെ പത്രക്കാരെപ്പറ്റി എനിക്ക് ഏറ്റവും സങ്കടം വന്ന ഒരു സംഭവം മുസ്ലീം ലീഗിന്റെ ആള്‍ക്കാര്‍ തല്ലിയെന്നൊക്കെ പറഞ്ഞ വന്‍ പ്രതിഷേധങ്ങള്‍ നടത്തിയവര്‍ ലല്ലു യാദവിന്റെ മകള്‍ ഒരു പത്രക്കാരനെയോ വീഡിയോക്കാരനെയോ മറ്റോ തിരുവനന്തപുരം റെയില്‍‌വേ സ്റ്റേഷനില്‍ വെച്ച് ചെകിടത്തടിച്ചപ്പോള്‍ പരാതിയൊന്നുമില്ലാ എന്നുപറഞ്ഞ് ചിരിച്ചുകാണിച്ചതാണ് (ഇനി തല്ലുകൊണ്ട വ്യക്തി പത്രവുമായി ബന്ധമുള്ള ആളായിരുന്നോ അല്ലയോ എന്ന് എനിക്കറിയില്ല).

ബ്ലോഗിനെപ്പറ്റി പറയുമ്പോള്‍ പത്രക്കാര്‍ക്ക് ആദ്യം അറിയേണ്ടത് അതിന്റെ വിശ്വാസ്യതയാണ്. അങ്ങിനെയെങ്കില്‍ ആ ചോദിക്കുന്നവരുടെ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്നുള്ള, വേണമെങ്കില്‍ വികാരപരമെന്ന് പറയാവുന്ന, ഒരു അന്വേഷണത്തിന്റെ ഫലമാണ് ഈ കുറിപ്പ്. അല്ലാതെ പത്രങ്ങളെക്കാളും വിശ്വാസ്യത ബ്ലോഗിനുണ്ടെന്ന് സമര്‍ത്ഥിക്കാനോ പത്രങ്ങള്‍ വിശ്വാസയോഗ്യമല്ല എന്ന് സ്ഥാപിക്കാനോ അല്ല.

8 Comments:

  • പൊതുജനം പലവിധം എന്നതുപോലെ ... ഓരോ പത്രത്തിനും ഓരോ രാഷ്ട്രീയ പാര്‍ട്ടികളോടു ഇത്തിരി ചായ്‌വൊക്കെ ഉണ്ടെന്നു മിക്കവര്‍ക്കും അറിയാം. എല്ലായിടത്തുമെന്ന പോലെ ചില കണ്ണടയ്ക്കല്‍ അത്രേയുള്ളൂ..

    By Blogger ബിന്ദു, at 7:32 AM  

  • ഹോ എന്നാ ലേഖനമാ!!
    മുഴുവന്‍ വായിച്ചു..കലക്കി വക്കാരീ!

    അപ്പോ എന്നാ ഒരു സോഡ പൊട്ടിക്കട്ടെ? (ഞാന്‍ വേറെ എന്നാ ചെയ്യാനാ? :-))

    By Blogger അരവിന്ദ് :: aravind, at 8:00 AM  

  • കുറെ പേര്‍ മനൊരമയെ തെറി വിളിക്കുമ്പോള്‍ വേറെ കുറെ പേര്‍ മാതൃഭൂമിയെ കല്ലെറിയുന്നു. അതെന്തുകൊണ്ടാണ് എന്നാണ് ഞാന്‍ അന്വേഷിച്ചു തുടങ്ങിയത്. എന്നാലും പത്രങ്ങളുടെ വിവിധ ഭാഷ്യങ്ങളിലെ തമാശ മനസ്സിലാക്കാന്‍ ഒണ്‍ലൈന്‍ പതിപ്പ് വരേണ്ടി വന്നു.

    By Blogger ഡാലി, at 8:49 AM  

  • നന്നാ‍യിട്ടുണ്ട് വക്കാരീ. ജനങ്ങളെ ബ്രേയിന്‍ വാഷ് ചെയ്യാന്‍ പത്രം പോലൊരു മാധ്യമം വേറെയില്ല. പ്രത്യേകിച്ചും, അച്ചടിച്ചുകണ്ടതെല്ലാം സത്യം എന്ന് വിശ്വസിക്കുന്ന മലയാളികളെ.

    ദേശാഭിമാനിയും ചിന്തയും, ബീഡി തെറുക്കുന്നവര്‍ക്ക് കേള്‍ക്കാന്‍, ഉറക്കെ വായിക്കുന്നതിനായി മാത്രം ഒരു തസ്തിക ദിനേശ് ബീഡിക്കമ്പനിയിലുണ്ട്.

    By Blogger sahayaathrikan, at 10:11 AM  

  • സത്യമറിയാന്‍ ഒന്നിലതികം പത്രങ്ങള്‍ വായിയ്ക്കേണ്ട അവസ്ഥയാണല്ലൊ ഇന്നുള്ളത്.
    പത്രങ്ങളുടെ വിശ്വാസ്യതയെപ്പറ്റിയുള്ള വക്കാരിയുടെ ലേഖനം തികച്ചും അര്‍ത്ഥവത്തായിരിയ്ക്കുന്നു.

    By Blogger സ്നേഹിതന്‍, at 10:26 AM  

  • വക്കാരീ, മാധ്യമം വായന പതിവാക്കൂ, എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടാകും :))

    By Blogger അന്‍വറുല്‍ ഹഖ്, at 1:36 PM  

  • വക്കാരിചേട്ടാ....ഞാനും താങ്കളും അടങ്ങുന്ന ബൂലോകം വന്നീട്ട്, 5 വര്‍ഷം,പക്ഷെ മാധ്യമം വന്നിട്ട് 100 വര്‍ഷത്തിലേറെയായി.പല‍ തരം വ്യതിയാനങ്ങളിലൂടെ മാധ്യമം കടന്നുപോയി, നല്ലതിനു വേണ്ടി.ഇന്റെര്‍നെറ്റും, സപ്നയും വക്കാരിയും ബ്ലൊഗും ഇല്ലാത്തൊരു കാലത്ത്,ഈ ഒരു വഴി മാത്രമേ ഉള്ളായിരുന്നു, വാര്‍ത്തകള്‍ക്കും വിവരങ്ങളും വിമര്‍ശനങ്ങളും അറിയാന്‍.അവരിലൂടെയല്ലെ നമ്മള്‍ ഇവിടെ എത്തിയത്?അപ്പോ സ്വന്തം കുടുംബത്തെ കുത്തി വേദനിപ്പിക്കണോ? എന്തിനും ഏതിനും ഒരു മറുവശം ഉണ്ട്. നല്ല ഉദ്ദേശത്തോടെയാണ് വക്കാരി എഴിതിയതും വിമര്‍ശിച്ചതും, എഴുതിയിരിക്കുന്നത് വളരെ നന്നായിരിക്കുന്നു. ഇതു വിമര്‍ശനമല്ല.

    By Blogger Sapna Anu B.George, at 9:02 AM  

  • സ്വപ്നമേ, നേരത്തേ പല തവണ പറഞ്ഞതുപോലെ പത്രമാധ്യമങ്ങളുടെ പങ്ക് വിസ്‌മരിച്ചുകൊണ്ടല്ല ഇതെഴുതിയത്. സ്വപ്നം പറഞ്ഞതുപോലെ ബ്ലോഗും അതുപോലത്തെ മീഡിയയും, എന്തിന് ഓണ്‍ലൈന്‍ എഡിഷന്‍ പോലുമില്ലാതിരുന്ന കാലത്ത് എന്തിനും ഏതിനും നമ്മള്‍ പത്രങ്ങളെ ആശ്രയിച്ചു. പത്രത്തില്‍ വരുന്നതെന്തും സത്യമെന്ന് നമ്മളില്‍ പലരും വിശ്വസിച്ചു. പക്ഷേ ആ ഉത്തരവാദിത്തബോധം നാട്ടിലെ പല പത്രങ്ങളും ചില സമയത്തെങ്കിലും കാണിച്ചില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചിലപ്പോഴെങ്കിലും അവര്‍ നമ്മുടെ ബലഹീനതകളെ മുതലെടുത്തു. അങ്ങിനെയാണല്ലോ അവര്‍ ഐ.എസ്.ആര്‍.ഓ ചാരക്കഥകളൊക്കെ ഉണ്ടാക്കിയത്. അവര്‍ എന്തു പറഞ്ഞാലും ആള്‍ക്കാര്‍ വിശ്വസിച്ചുകൊള്ളും എന്നൊരു ധാര്‍ഷ്ട്യം പോലുമില്ലായിരുന്നോ ആ ചാരക്കഥകള്‍ അവര്‍ എഴുതിക്കൂട്ടിയപ്പോള്‍. അതുകൊണ്ടാണല്ലോ മാസങ്ങളോളം അവര്‍ അത് ആഘോഷമാക്കിയത്. എത്രമാത്രം നഷ്ടം രാജ്യത്തിനും ആ കുടുംബങ്ങള്‍ക്കും അതുമൂലം ഉണ്ടായി. എന്നിട്ട് ആത്‌മാര്‍ത്ഥമായ ഒരു ഖേദപ്രകടനം പോലും പല പത്രങ്ങളും നടത്തിയില്ല. ബ്ലോഗും മറ്റു മീഡിയയുമൊക്കെ ആ സമയത്ത് ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ആ ചാരക്കഥ പത്രങ്ങള്‍ക്ക് അത്രയും ആഘോഷമാക്കാന്‍ കഴിയുമായിരുന്നില്ല.

    പക്ഷേ, പത്രങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം ഞാന്‍ ഒരിക്കലും വിസ്‌മരിക്കുന്നില്ല. എന്റെ അപേക്ഷ, അവരും അത് വിസ്‌മരിക്കരുത് എന്നു മാത്രമാണ്.

    എന്‍.പി. രാജേന്ദ്രന്റെ ബ്ലോഗ് വായിക്കുന്നുണ്ടായിരിക്കുമല്ലോ.

    ബിന്ദു, അരവിന്ദ്, വഴിപോക്കന്‍, ഡാലി, സഹയാത്രികന്‍, സ്നേഹിതന്‍, അന്‍‌വര്‍, സ്വപ്‌നം-എല്ലാവര്‍ക്കും നന്ദി.

    By Blogger myexperimentsandme, at 9:18 AM  

Post a Comment

<< Home