പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Sunday, December 10, 2006

കോടിയേരിക

മാണികയായിരുന്ന ദീപിക (മാണിസാര്‍ കുളിച്ചു, മാണിസാര്‍ ചിരിച്ചു, മാണിസാര്‍ പല്ലുതേച്ചു, മാണിസാര്‍...) ഇക്കഴിഞ്ഞ ഇലക്ഷനോടു കൂടി കോടിയേരിക ആയോ എന്നൊരു സംശയം.

ശ്രീ കോടിയേരി ബാലകൃഷ്ണനെ പ്രശംസിക്കാന്‍ കിട്ടുന്ന ഒരവസരവും ദീപിക നഷ്ടപ്പെടുത്തുന്നില്ല എന്ന് തോന്നുന്നു. ഇക്കഴിഞ്ഞ തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ന മുഖപ്രസംഗത്തില്‍ (ഈ പേജില്‍, മുഖപ്രസംഗത്തില്‍ ക്ലിക്കിയാല്‍ മതി) തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും എണ്ണലുമെല്ലാം വളരെ നല്ല രീതിയില്‍ നടത്താന്‍ ശ്രമിച്ച ഭരണമുന്നണിക്കും പ്രതിപക്ഷത്തിനും മുഖ്യമന്ത്രിക്കുമെല്ലാം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ശേഷം ദീപിക, യാതൊരു പ്രശ്‌നങ്ങളുമുണ്ടാവാതിരിക്കാന്‍ പരിശ്രമിച്ച ആഭ്യന്തരവകുപ്പിനും മന്ത്രി കോടിയേരി ബാ‍ലകൃഷ്ണനും കൂടി അഭിനന്ദനമര്‍പ്പിച്ചു.

വ്യാജസീഡീ റെയ്ഡ് വിവാദത്തില്‍ ദീപികയുടെ കണ്ട്രോള്‍ മൊത്തം പോയെന്ന് തോന്നുന്നു. ഇന്നത്തെ (11 ഡിസംബര്‍) മുഖപ്രസംഗത്തില്‍ ശ്രീ അച്യുതാനന്ദനെ നല്ലതുപോലെ കുടഞ്ഞിട്ടുണ്ട് ദീപിക; ശ്രീ കോടിയേരി ബാലകൃഷ്ണന് ഗുഡ് സര്‍ട്ടിഫിക്കറ്റും കൊടുത്തിരിക്കുന്നു

വ്യക്തിപരമായി പറഞ്ഞാല്‍ ശ്രീ അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ കാണിച്ചത് സ്വല്പം പക്വത കുറഞ്ഞ പരിപാടിയല്ലേ എന്നൊരു സംശയം എനിക്കും ഇല്ലാതില്ല. ചെയ്തത് ഒരു നല്ല കാര്യമാണെങ്കിലും അത് ചെയ്യേണ്ട രീതിയിലാണോ ചെയ്തത് എന്നൊരു സംശയം. കൈയ്യടിക്ക് പ്രാധാന്യം കുറച്ച് കൂടുതല്‍ കൊടുത്തത് കാരണം ചെയ്യേണ്ട രീതികളായ ആഭ്യന്തര മന്ത്രിയോട് കൂടിയാലോചിക്കുക, ഡി.ജി.പിയുമായുള്ള ചര്‍ച്ചയുടെ കാര്യങ്ങള്‍ പരസ്യമാക്കാതിരിക്കുക മുതലായവ അദ്ദേഹം പാലിച്ചോ എന്നൊരു സംശയം. അതുകൊണ്ട് തന്നെ ദീപിക മുഖപ്രസംഗത്തോട് ശക്തമായ വിയോജിപ്പില്ലെങ്കിലും ദീപിക കോടിയേരിക ആയതിന്റെ പല ഉദാഹരണങ്ങളില്‍ പുതിയ ഒരു ഉദാഹരണമായി ഈ മുഖപ്രസംഗം നിലകൊള്ളുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

അതേ സമയം മനോരമ ഉപയോഗിക്കുന്ന തലക്കെട്ടുകള്‍, “കോടിയേരി വഴങ്ങി” എന്നൊക്കെയുള്ള രീതിയിലാണ്. ഇക്കാര്യത്തില്‍ രണ്ട് കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം എന്നൊക്കെയാണ് മനോരമയുടെ വിലയിരുത്തല്‍ (അങ്ങിനെ രണ്ട് കൂട്ടരും വാശിക്ക് മത്സരിക്കുമ്പോള്‍ പരാജയപ്പെടുന്നത് പൊതുജനം. മൊത്തം ഒരു അഡ്‌ജസ്റ്റ്‌മെന്റായിരുന്നു എന്നാണ് റെയ്ഡിനെപ്പറ്റി ഇപ്പോളത്തെ പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നുന്നത്. വ്യാജന്മാര്‍ പെരുകാന്‍ പൊതുജനവും ഒരു കാരണമാവുമ്പോള്‍ അവര്‍ മൊത്തത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്നൊരു ആശ്വാസവും ഉണ്ട്.).

ഒരു നല്ല മനുഷ്യന്റെ നല്ല കാര്യങ്ങള്‍ നല്ല രീതിയില്‍ ദീപിക അവതരിപ്പിക്കുന്നു എന്നേ ഉള്ളുവെങ്കില്‍ അതിന് എന്റെ പൂര്‍ണ്ണ പിന്തുണ. അങ്ങിനെതന്നെയാവട്ടെ എന്നാഗ്രഹിക്കുന്നു.

------------------------------------------------------------
മനോരമയുടെ “തീര്‍പ്പ് താല്‍‌ക്കാലികം; ബലപരീക്ഷണം തുടരും” (11 ഡിസംബര്‍-ഇവിടുണ്ട്) എന്ന തലക്കെട്ടിലെ വാര്‍ത്ത എന്തൊക്കെയോ ഉടന്‍ തന്നെ നടക്കും എന്ന് തോന്നല്‍ വായനക്കാരില്‍ ഉണ്ടാക്കാന്‍ പോകുന്ന രീതിയിലാണ്. ഉദ്വേഗജനകമായ വാര്‍ത്ത എന്നൊക്കെ പറയുന്നത് ഇതാണെന്ന് തോന്നുന്നു. മനോരമയുടെ ചില പ്രയോഗങ്ങള്‍:

“ഇരു പക്ഷങ്ങളും തമ്മിലുള്ള ബലപരീക്ഷണം അവസാനിക്കുന്നില്ല”
“അദ്ദേഹത്തിന്റെ (ശ്രീ പ്രകാശ് കാരാട്ട്) സാന്നിദ്ധ്യത്തില്‍ (പതിമൂന്നാം തീയതി) ചേരുന്ന സെക്രട്ടറിയേറ്റ് യോഗം നിര്‍ണ്ണായകമാവുകയാണ്”
“വി.എസ്സിനെതിരെ ഔദ്യോഗിക പക്ഷത്ത് രോഷം ഇരമ്പുകയാണ്”
“നിര്‍ണ്ണായകമായ ദിനങ്ങള്‍ അച്യുതാനന്ദനെയും പാര്‍ട്ടിയെയും കാത്തിരിക്കുന്നു”

(പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ എന്ന ബ്ലോഗില്‍ എന്തിന് ഇതൊക്കെ ഇട്ടു എന്ന് ചോദിച്ചാല്‍...എല്ലാം വിശ്വാസ്യതയുടെ പ്രശ്‌നങ്ങളാണല്ലോ)

3 Comments:

 • റെയീഡ്‌ തടഞ്ഞു അനേWകം മണിക്കൂറുകള്‍ തലവനെ മാറ്റി വീണ്ടും അധികാരം തിരിച്ചു നല്‍കി. ഇതിനിടയില്‍ തെളിവുകള്‍ ഏറെയും നഷ്ടപ്പെട്ടില്ലെ? ഇതും ഒരു വിശ്വാസ്യതയുടെ കാര്യമല്ലെ?

  By Blogger keralafarmer, at 4:59 PM  

 • വക്കാരി, ദീപിക കോടിയേരിയുടെയല്ല പീണറായിയുടെ മുഖപത്രമായി മാറിയിരിക്കുന്നു.ഇന്ന് തന്നെ മുന്നണിയോഗത്തെ കുറിച്ചുള്ള വാര്‍ത്ത കാണുക.അതില്‍ എന്‍.സി.പിയുടെ മുന്നണി പ്രവേശത്തെ എതിര്‍ക്കുന്നത് യുക്തിഹീനമായ നിലപാടാണെന്ന് പറയുന്നു.ഇത് പറയാന്‍ ദീപികക്ക് അവകാശമുണ്ട്.പക്ഷെ അത് റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ ആകുമ്പോള്‍ അത് അര്‍ഹിക്കാത്ത ആധികാരികത കൈ വരും.പിണറായിയുടെ നിലപാടുകള്‍ ഉദ്ഘോഷിക്കാനുള്ള ഉച്ചഭാഷീണി ആവനുള്ള കാര്യം രസകരമാണ്.ദീപിക സാമ്പത്തിക പ്രതിസന്ധിയിലായപ്പോള്‍ പണമിറക്കി സഹായിച്ചത് ഫാരിസ് അബുബേക്കറെന്ന സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുതലാളിയാണ്.അയാളുടെ ഭൂതകാലം വളരെ സംശയാസ്പദവുമാണ്.മുതലാളിമാരോട് പൊതുവെ സ്നേഹമുള്ള പിണറായിക്ക് ഇതുപോലെ കുഴപ്പം പിടിച്ച മുതലാളിമാരോട് പ്രത്യേക വാത്സല്യവുമാണ്.ആ മുതലാളിയുടെ ഗംഭീരമായ വാലാട്ടലാണ് കോടിയേരി പ്രേമവും അച്ചുവിരുദ്ധവും എന്‍.സി.പി സ്നേഹവും സി.പി.ഐ പുലഭ്യവുമായി വാര്‍ന്നൊഴുകുന്നത്.

  അകത്ത് കയറിയ ചെകുത്തനെ എങ്ങനെ പുറത്താക്കമെന്നണ് ഇപ്പോള്‍ സഭയുടെ വേവലാതി.കത്തനാരുടെ പത്രത്തില്‍ ഏതു ഗ്രൂപ്പുകാരനായികൊള്ളട്ടെ കമ്മ്യൂണീസ്റ്റ്കാരന്റെ സ്തുതി പാടിയാല്‍ കുഞ്ഞാടുകള്‍ സഹിക്കുമോ.അങ്കമാലി കല്ലറയിലെ ആത്മാക്കള്‍ പൊറുക്കുമോ.പക്ഷ ആണ്ട ബാധ കൊണ്ടേ പോകൂ എന്നതാണ് ഇപ്പൊഴത്തെ അവസ്ഥ.

  By Blogger Radheyan, at 10:30 PM  

 • ഒരു പത്ത് കൊല്ലം മുന്‍‌പായിരുന്നെങ്കില്‍ സ്വപ്‌നം പോലും കാണാന്‍ പറ്റില്ലാത്ത സമീപനമാണ് ഇപ്പോള്‍ ദീപികയുടേത്. എന്തെല്ലാം കളികള്‍...

  ദീപികയിലെ ചില ഉള്ളറക്കളികളുടെ കാര്യങ്ങള്‍ പണ്ടിവിടെ ചര്‍ച്ച ചെയ്തിരുന്നു.

  ചന്ദ്രേട്ടാ, രാധേയാ, നന്ദി.

  By Blogger myexperimentsandme, at 4:33 PM  

Post a Comment

<< Home