പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Thursday, September 21, 2006

കേരള കൌമുദിയുടെ തോഷിബയുടെ സോണിയുടെ തോഷിബ



ഒരു സാങ്കേതികജ്ഞാനമുള്ള ലേഖകനോ ബിസിനസ്സ് കാര്യങ്ങള്‍ ആധികാരികതയോടെ എഴുതാനുള്ള ലേഖകനോ ഒന്നും നമ്മുടെ പത്രങ്ങള്‍ക്കില്ലാത്തതിന്റെ ഉദാഹരണം മുകളില്‍.

കേരള കൌമുദിയുടെ ബിസിനസ്സ് ലേഖനമാണ്. സോണി ലാപ്‌ടോപ്പുകള്‍ക്ക് വില്ലനായി തോഷിബ എന്ന തലക്കെട്ട് കണ്ടുകൊണ്ടാണ് നോക്കിയത്-കാരണം മടിമുകളില്‍ സോണിയ്ക്കെങ്ങിനെ തോഷിബ വില്ലനായി എന്നറിയാന്‍ ഒരു ആകാംക്ഷ. ഇനി സോണിയുടെ എന്തെങ്കിലും ടെക്‍നോളജി തോഷിബ അടിച്ച് മാറ്റുകയോ വല്ലതും ചെയ്തോ എന്നോര്‍ത്തു.

പക്ഷേ സംഗതി നമ്മുടെ ലേഖകന്റെ സ്ഥലജലവിഭ്രാന്തിയാണെന്ന് വായിച്ച് വന്നപ്പോഴാണ് മനസ്സിലായത്. തോഷിബ നിര്‍മ്മിത ബാറ്ററികള്‍ ഉപയോഗിച്ച സോണി ലാപ്‌ടോപ്പുകളുടെ പൊട്ടിത്തെറി, പൊട്ടിച്ചിരി ഇവയൊക്കെയാണ് വാര്‍ത്തയുടെ ആധാരം. സോണി ലാപ്ടോപ്പുകള്‍ തോഷിബ ബാറ്ററികള്‍ ഉപയോഗിക്കുന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. ഏതൊക്കെ സോണി ലാപ്‌ടോപ്പുകളാണ് തോഷിബ ബാറ്ററികള്‍ ഉപയോഗിക്കുന്നത് എന്നറിയാന്‍ വാര്‍ത്ത വായിച്ച് വായിച്ച് വന്നപ്പോള്‍ മനസ്സിലായി, സോണിയുടെ “ഡൈനാബുക്ക്”, “സാറ്റലൈറ്റ്” എന്നീ ബ്രാന്‍ഡ് ലാപ്‌ടോപ്പുകള്‍ക്കാണത്രേ പൊട്ടിത്തെറിപറയാനുള്ള ഒരു ത്വര. ഈ ലിങ്കില്‍ നിന്നും ഈ ലിങ്കില്‍ നിന്നും ഒക്കെ മനസ്സിലായി അവയൊക്കെ സോണിയുടെ ലാപ്ടോപ്പുകള്‍ തന്നെയാണെന്ന്!

പിന്നെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ആര് ആര്‍ക്ക് വില്ലനായെന്നും ഏത് ഏതിന് വില്ലനായെന്നും ഒക്കെ തെളിയിക്കാന്‍ ചിത്രം സിനിമയില്‍ നിന്ന് ശ്രീനിവാസനെ വിളിക്കേണ്ട ഗതികേടുമായി. വളരെ ആത്‌മവിശ്വാസത്തോടെ ലേഖകന്‍ എഴുതിയിരിക്കുകയാണ് ഡൈനാബുക്ക്, സാറ്റലൈറ്റ് മടിമുകളുകള്‍ക്ക് തോഷിബ ബാറ്ററി പ്രശ്‌നമായതുകാരണം 3,40,000 ബാറ്ററികള്‍ കമ്പനി പിന്‍‌വലിച്ചിരിക്കുകയാണെന്ന്. വാര്‍ത്തകള്‍ പകര്‍ത്തിയെഴുതിയപ്പോള്‍ അക്കങ്ങള്‍ മാറിപ്പോകാതെ ശരിയായ നമ്പര്‍ ഒപ്പിക്കാന്‍ ലേഖകന്‍ ശ്രദ്ധിച്ചു. പക്ഷേ ബാക്കിയെല്ലാം തലതിരിഞ്ഞ് പോയി. പക്ഷേ സംഗതി വിശ്വാസയോഗ്യമാക്കാന്‍ ഇങ്ങിനെയും കൂടി എഴുതി അദ്ദേഹം-“ തോഷിബ ബാറ്ററികള്‍ ഉണ്ടാക്കുന്ന പ്രശ്‌നം മേല്‍‌പ്പറഞ്ഞതാണെങ്കില്‍ സോണി കോര്‍പ്പറേഷന്റെ സഹസ്ഥാപനമായ സോണി എനര്‍ജി ഡിവൈസസ്...”

ശരിക്കും മേല്‍‌പറഞ്ഞ പ്രശ്‌നം ഉണ്ടാക്കിയത് സോണി ബാറ്ററികളാണ്. തോഷിബയ്ക്ക് വില്ലന്‍ സോണിയാവുകയായിരുന്നു.തോഷിബയ്ക്ക് മാത്രമല്ല, ഡെല്ലിനും ആപ്പിളിനുമെല്ലാം ലെവന്‍ വില്ലനായി. ആദ്യം പൊട്ടിത്തെറികള്‍ തുടങ്ങിയത് ഡെല്ലിനായിരുന്നു എന്നാണ് തോന്നുന്നത്. അപ്പോള്‍ ഗുണം പരമാവധി കുറഞ്ഞാലും വേണ്ട വിലകുറഞ്ഞ കറുത്ത കമ്പ്യൂട്ടര്‍ പരമാവധി വിറ്റാല്‍ മതി എന്ന ഡെല്‍ പോളിസി പ്രകാരം സോണിയോട് നാല് വയറുകള്‍ കുറച്ചുള്ള ബാറ്ററി ഉണ്ടാക്കാന്‍ ഡെല്ലണ്ണന്‍ പ്രത്യേകം പറഞ്ഞതുകാരണമാണ് ഡെല്ലിന്റെ മാത്രം പൊട്ടികള്‍ തെറിക്കുന്നതെന്നോര്‍ത്ത് ആശ്വാസം കൊണ്ടപ്പോഴാണ് ആപ്പിള്‍, ഓറഞ്ച്, മുന്തിരി, ഉരുളക്കിഴങ്ങ്, കപ്പ, ചക്ക, മാങ്ങ, തേങ്ങ ഇവയെല്ലാം അവിടെയും ഇവിടെയും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. എല്ലായിടത്തും സോണി ബാറ്ററികളും.

ഈ പോസ്റ്റ് ഇത്രയും എഴുതാന്‍ ഞാന്‍ എടുത്ത സമയത്തിന്റെയും നടത്തിയ ഗൂഗിള്‍ സേര്‍ച്ചിന്റെയും പകുതിയുടെ പകുതിയുടെ പകുതിയെങ്കിലും സമയം ആ ലേഖകന്‍ ആ ലേഖനം എഴുതുമ്പോള്‍ എടുത്തിരുന്നെങ്കില്‍ എന്ന് വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം...

(സാങ്കേതികജ്ഞാനമുള്ള ലേഖകരുടെ മലയാള പത്രങ്ങളിലെ അഭാവം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ വരുമെന്ന് പ്രതീക്ഷിക്കാം).