പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Wednesday, July 19, 2006

കോണ്‍‌സ്‌പിരസി തിയറിയോ അതോ.....

ഇന്നത്തെ ദീപിക വാര്‍ത്തയാണിത്:


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ ജൂലൈ 19, 2006.

ഐ.എസ്.ആര്‍.ഓ ചാരക്കേസ് വിദേശ ചാരസംഘടനകളുടെ ആസൂത്രിത സൃഷ്ടിയായിരുന്നുവത്രേ. ശരിയാണോ എന്നറിയില്ല, പക്ഷേ നാട്ടില്‍ പലരും വിശ്വസിക്കുന്നത്, ദീപികയുള്‍പ്പടെയുള്ള പത്രങ്ങളുടെ ആസൂത്രിത സൃഷ്ടിയായിരുന്നു ആ ചാരക്കഥ എന്നാണ്. എന്നിട്ടും യാതൊരു കുറ്റബോധവുമില്ലാതെ, ഈ പത്രങ്ങള്‍ പിന്നെയും പിന്നെയും വേട്ടയാടിയ ആ കുടുംബങ്ങളോട് ആത്‌മാര്‍ത്ഥമായി ഒന്ന് മാപ്പപേക്ഷിക്കുക പോലും ചെയ്യാതെ പുതിയ ഒരു കണ്ടുപിടുത്തവുമായി വന്നിരിക്കുന്നു!

ഇനി വാര്‍ത്തയിലേക്ക് കടക്കാം. അടുത്തിടെ നടന്ന ചില ബഹിരാകാശ പരീക്ഷണങ്ങളുടെ പരാജയം സംബന്ധിച്ച് കേന്ദ്ര ഏജന്‍‌സികള്‍ നടത്തിയ അന്വേഷണത്തിനിടയിലാണത്രേ ഈ കണ്ടുപിടുത്തം. പക്ഷേ തുടര്‍ച്ചയായ പത്തോ പതിനൊന്നോ വിജയങ്ങള്‍ക്ക് ശേഷമാണ് ഐ.എസ്.ആര്‍.ഓ ഒരു വിക്ഷേപണത്തില്‍ പരാജയപ്പെടുന്നത്. ചാരക്കഥകള്‍ക്കു ശേഷവും ഇന്ത്യയില്‍ നിന്നു തന്നെ അഞ്ചില്‍ കൂടുതല്‍ തവണ ഐ.എസ്.ആര്‍.ഓ വിജയകരമായ വിക്ഷേപണങ്ങള്‍ നടത്തിയിരുന്നു, ജി.എസ്.എല്‍.വി ഉള്‍പ്പടെ. (ഐ.എസ്.ആര്‍.ഓ നാഴികക്കല്ലുകള്‍ ഇവിടെ). അന്നൊന്നും ഈ കോണ്‍‌സ്പിരസി തിയറി പുറത്തെടുക്കാതെ പെട്ടിയില്‍ പൂട്ടിവെച്ചിരിക്കുകയായിരുന്നോ ദീപിക?

ദീപിക പറയുന്നത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പ്രകാരം ഐ.എസ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞരുടെ മനോവീര്യം കഴിഞ്ഞ പത്തുകൊല്ലം മുന്‍‌പിലത്തെ നിലവാരത്തില്‍‌നിന്നും താഴ്‌ന്നുപോയിരിക്കുന്നു എന്നാണ്. കേന്ദ്ര ഏജന്‍‌സികള്‍ ഈ മനോവീര്യം അളക്കുന്നതെങ്ങിനെയെന്നും എല്ലാ കൊല്ലവും ഈ അളക്കല്‍ പരിപാടി ഉണ്ടോ എന്നും ഏത് ശാസ്ത്രീയ മാര്‍ഗ്ഗം വെച്ചാണ് ഇതിന്റെ താഴ്ചയും ഉയര്‍ച്ചയും കണക്കാക്കുന്നതെന്നും ഇനി മനോവീര്യം താഴാനുള്ള കാരണം ചാരക്കഥ മാത്രമാണോ എന്നും അങ്ങിനെയാണെങ്കില്‍ അതു കഴിഞ്ഞും വിജയകരമായ പല വിക്ഷേപണങ്ങളും ശാസ്ത്രജ്ഞര്‍ക്ക് എങ്ങിനെ നടത്താന്‍ സാധിച്ചു എന്നുമൊക്കെയുള്ള സ്കൂള്‍ കുട്ടി ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാതിരിക്കാം. കാരണം ഇത് പത്രവാര്‍ത്തയാണല്ലോ.

എന്തായാലും ചാരക്കഥക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ച കേന്ദ്ര ഏജന്‍‌സികള്‍ക്ക് സി.ഐ.ഏ മുതലായ അന്താരാഷ്ട്ര ഏജന്‍‌സികളുടെ പങ്കേ കാണാന്‍ കഴിഞ്ഞുള്ളൂ. കരുണാകരനെ താഴെയിറക്കാന്‍ നടത്തിയ കളികളൊന്നും അവര്‍ കണ്ടേ ഇല്ല. അല്ലെങ്കില്‍ അതും ചിലപ്പോള്‍ സി.ഐ.ഏയുടെ പണിയായിരുന്നിരിക്കും. കാരണം അതിനു തൊട്ടുമുന്‍പാണല്ലോ കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോയത്.

പാവം മാധ്യമങ്ങള്‍. ശുദ്ധന്മാരായതുകാരണം അവര്‍ ഏതോ ക്ലബ്ബിലിരുന്ന് ആരോ എന്തോ പറയുന്നത് കേട്ടു, അത് അതേപടി വിശ്വസിച്ച് അടുത്ത ദിവസം മുതല്‍ ആഘോഷവുമാക്കി. അല്ലാതെ അവരെ എങ്ങിനെ ഇക്കാര്യത്തില്‍ കുറ്റം പറയും. എല്ലാം സി.ഐ.ഏയുടേയും കെ.ജി.ബിയുടേയും പണി. കേള്‍ക്കുന്ന കുശുകുശുപ്പും സ്വകാര്യം പറച്ചിലുമൊക്കെ സത്യമാണോ എന്നൊക്കെ അന്വേഷിച്ച് എഴുതേണ്ടത് നാട്ടിലെ മഞ്ഞപ്പത്രങ്ങളുടെ മാത്രം പണിയല്ലേ. ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍‍ക്കൊക്കെ കേള്‍ക്കുക, അത് അതേ രീതിയില്‍ അച്ചടിക്കുക, എവിടെങ്കിലും ലിങ്ക് മിസ്സാകുന്നുണ്ടെങ്കില്‍ ആവശ്യത്തിന് ഭാവന കയറ്റുക എന്നീ കടമകള്‍ മാത്രം നിര്‍വ്വഹിച്ചാല്‍ മതിയല്ലോ.

പിന്നെ ദീപിക കോട്ടയം പുഷ്‌പനാഥിനെയും ബാറ്റണ്‍ ബോസിനെയും സമന്വയിപ്പിച്ച് കുറച്ച് കാര്യങ്ങളൊക്കെ എഴുതിയിട്ടുണ്ട്. ഇതൊക്കെ എത്രമാത്രം ശരിയാണെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം. പ്രത്യേകിച്ചും അവരുടെ തന്നെ സൃഷ്ടിയായ ചാരക്കഥയെപ്പറ്റിയുള്ള വാര്‍ത്തയാകുമ്പോള്‍. ഭാവിയില്‍ ആരെങ്കിലും ചാരക്കഥയും മാധ്യമവും എന്നൊരു ഫീച്ചര്‍ തുടങ്ങുകയാണെങ്കില്‍ ഉടന്‍ തന്നെ ഇവര്‍ക്കെല്ലാം പറയാമല്ലോ, അത് ഞങ്ങളുടെ കുഴപ്പമല്ല, സി.ഐ.ഏ, സി.ഐ.ഏ എന്ന്.

എന്തായാലും ഒരു കാര്യം ദീപിക സമ്മതിക്കുന്നുണ്ട്. സി.ബി.ഐയും രാജ്യത്തെ പരമോന്നത് കോടതിയും ചാരപ്രവര്‍ത്തനം കണ്ടെത്തിയില്ല എന്നുള്ളത്. എന്നിട്ടും. ദീപികയുള്‍‌പ്പടെയുള്ള പത്രങ്ങള്‍ അവര്‍ വേട്ടയാടിയവര്‍ക്കുവേണ്ടി എന്തു ചെയ്‌തു എന്നുള്ള ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കും. കാര്യം, വാര്‍ത്തക്കഥകളെപ്പറ്റിയും അത് നിരപരാധികളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെപ്പറ്റിയും ബോധവാന്മാരേകണ്ട ധര്‍മ്മം പത്രക്കാര്‍ക്കില്ലല്ലോ.

--------------------------------------------------------------
ഇപ്രാവശ്യത്തെ ജി.എസ്.എല്‍.വി പരാജയ റിപ്പോര്‍ട്ടിംഗിലും മനോരമ അതിന്റേതായ ഒരു ചെറിയ സംഭാവന നല്‍‌കി. ജി.എസ്.എല്‍.വിയും ഇന്‍‌സാറ്റും ഇന്‍ഷ്വര്‍ ചെ‌യ്തിരുന്നില്ല എന്നൊരു ഒറ്റവാക്യം എഴുതി മനോരമ, ആ റിപ്പോര്‍ട്ടിനിടയ്ക്ക്. വായിക്കുന്ന കുറച്ചുപേര്‍ക്കെങ്കിലും തോന്നുന്നത്, ഐ.എസ്.ആര്‍.ഓ ഇത്ര പിടിപ്പുകെട്ട സ്ഥാപനമാണോ, പത്തിരുന്നൂറ്റമ്പതു കോടി രൂപാ ഐ.എസ്.ആര്‍.ഓയുടെ പിടിപ്പുകേടുകാരണം നഷ്ടപ്പെട്ടല്ലോ എന്നൊക്കെയായിരിക്കും. പക്ഷേ ബാക്കി പത്രങ്ങള്‍ വായിക്കേണ്ടി വന്നു, എന്തുകൊണ്ട് അത് ഇന്‍ഷ്വര്‍ ചെയ്‌തില്ല എന്നുള്ള കാര്യമറിയാന്‍. ഒരു ഇന്ത്യാ ഗവണ്മെന്റ് സ്ഥാപനം ഇന്ത്യയില്‍നിന്നും വിക്ഷേപിക്കുന്ന റോക്കറ്റുകളുടെ പരാജയം മൂലമുള്ള ഇന്‍ഷ്വറന്‍സ് തുക നല്‍‌കേണ്ടത് വേറൊരു പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അ‍ഷ്വറന്‍സ് കമ്പനി ആണെന്നും അതുപോലെ നശിച്ചു പോകുന്ന റോക്കറ്റുകള്‍ക്കും ബഹിരാകാശത്തില്‍ കിടന്നു കറങ്ങുന്ന സാറ്റലൈറ്റുകള്‍ക്കുമൊക്കെയുള്ള ഇന്‍ഷ്വറന്‍സിനു കൊടുക്കേണ്ടുന്ന പ്രീമിയത്തുകയുണ്ടെങ്കില്‍ വേണമെങ്കില്‍ മറ്റൊരൊ സാറ്റലൈറ്റ് ബഹിരാകാശത്തേക്കയക്കാമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പിന്നീടാണെങ്കിലും മനോരമ വായനക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചോ എന്നറിയില്ല.
-----------------------------------------------------------
ഇതെഴുതിക്കഴിഞ്ഞപ്പോള്‍ പ്രാപ്രായും വഴിപോക്കനും കൂടുതല്‍ വിവരങ്ങള്‍ തന്നു, ഈ റിപ്പോര്‍ട്ടിംഗിനെപ്പറ്റി (അവരുടെ കമന്റുകള്‍ ശ്രദ്ധിക്കുക). ഇത് യഥാര്‍ത്ഥത്തില്‍ 1998-ല്‍ റീഡിഫില്‍ പുനഃപ്രസിദ്ധീകരിച്ച പ്രേം പണിക്കര്‍ ലേഖനത്തെ ആസ്‌പദമാക്കിയുള്ള ഒരു റിപ്പോര്‍ട്ടിംഗാണ്. സണ്‍‌ഡേ ഒബ്സേര്‍വറിലാണ് പ്രേം പണിക്കര്‍ ആദ്യം ഈ ലേഖനം പ്രസിദ്ധീകരിച്ചത്. റീഡിഫില്‍ പുനഃപ്രസിദ്ധീകരിച്ചത് ഇവിടേയും ഇവിടേയും ഇവിടേയും ഉണ്ട് (ലിങ്കുകള്‍ക്ക് പ്രാപ്രയ്ക്ക് നന്ദി). അങ്ങിനെ തൊണ്ണൂറുകളിലെ ഈ ലേഖനം 2006-ല്‍ ദീപിക പിന്നെയും റഫര്‍ ചെയ്യുന്നതെന്തിനെന്ന് മനസ്സിലായില്ല. ചാരക്കഥകള്‍ക്കു ശേഷവും ജി.എസ്.എല്‍.വി വിജയകരമായി ഐ.എസ്.ആര്‍.ഓ വിക്ഷേപിക്കുകയും ചെയ്‌തിട്ടുണ്ട്.

അടുത്ത ദിവസം ദീപികയില്‍ വന്ന രണ്ടാം ലേഖനം വഴിപോക്കന്‍ ഇവിടിട്ടിട്ടുണ്ട് (വഴിപോക്കന് നന്ദി). മനോരമയുടെ ഇന്‍ഷ്വറന്‍സ് കണ്ടുപിടുത്തം ദീപികയും പറയുന്നുണ്ട്. പല ഇംഗ്ലീഷ് മാധ്യമങ്ങളിലും ആ ഇന്‍ഷ്വറന്‍സിന്റെ കാര്യം വിശദമായി പറയുന്നുണ്ട്. ഞാന്‍ ആലോചിക്കുകയായിരുന്നു, ഇത്തരം റിപ്പോര്‍ട്ടിംഗിലെങ്കിലും റിപ്പോര്‍ട്ടര്‍ ഈ മാറ്ററുമായി എഡിറ്ററുടെ അടുത്തെത്തുമ്പോള്‍, എഡിറ്റര്‍ അത് വായിച്ചു നോക്കിയിട്ട്-“ഈ ഇന്‍ഷ്വറന്‍‌സിന്റെ കാര്യം, എന്തുകൊണ്ടാണ് അവര്‍ ഇന്‍ഷ്വര്‍ ചെയ്യാത്തത് എന്നറിയാമോ? വേറേ ഏതെങ്കിലും പത്രം ഈ ഇന്‍ഷ്വറന്‍‌സ് പരിപാടിയുടെ വിശദാംശങ്ങള്‍ തന്നിട്ടുണ്ടോ? നെറ്റിലൊന്ന് നോക്കിക്കേ” എന്നൊക്കെ റിപ്പോര്‍ട്ടറോട് ചോദിച്ചിട്ട് ഒരു ഇന്റര്‍നെറ്റ് സേര്‍ച്ചെങ്കിലും നടത്തി “എന്നാല്‍ പിന്നെ ഇന്‍ഷ്വറന്‍‌സിന്റെ കാര്യം അങ്ങിനെതന്നെ കൊടുക്കണോ” എന്നൊരു ചോദ്യമൊക്കെ ചോദിച്ച്.... പക്ഷേ ജേണലിസം-മാധ്യമ പരിപാടികള്‍ എനിക്കറിയില്ല.

ജി.എസ്.എല്‍.വി പരാജയത്തെപ്പറ്റി ഐ.എസ്.ആര്‍.ഓ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അത് എന്തായി എങ്ങിനെയായി എന്നൊക്കെ അറിയുന്നതിനുമുന്‍പേ ദീപിക അന്വേഷണത്തിനുവേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങി. എന്തായാലും ചാരക്കഥകളൊക്കെ ആഘോഷമാക്കിയ സമയത്തൊന്നും ശാസ്ത്രജ്ഞരുടെ മനോവീര്യത്തെപ്പറ്റിയോ ആത്‌മാര്‍ത്ഥതയെപ്പറ്റിയോ അര്‍പ്പണബോധത്തെപ്പറ്റിയോ ബോധവാന്മാരല്ലാതിരുന്ന മാധ്യമങ്ങള്‍ ഇപ്പോഴെങ്കിലും ഇതിനെപ്പറ്റിയൊക്കെ ഓര്‍ക്കുന്നു എന്നറിയുമ്പോള്‍ ഒരു സന്തോഷം. പക്ഷേ ദീപിക ചിത്രീകരിക്കുന്നതില്‍ നിന്നും വിഭിന്നമായി ആ മാധ്യമ കള്ളക്കഥാ കലാപരിപാടികള്‍ക്കിടയിലും വിജയകരമായ വിക്ഷേപണങ്ങള്‍ തുടര്‍ച്ചയായി നടത്താന്‍ ഐ.എസ്.ആര്‍.ഓ-യിലെ ശാസ്ത്രജ്ഞര്‍ക്കായി എന്നുള്ളതാണ് വാസ്തവം.

Saturday, July 15, 2006

പത്രപ്രവര്‍ത്തനത്തിലെ ധാര്‍മികത: ഒരു ആത്മപരിശോധന

പത്രപ്രവര്‍ത്തനത്തിലെ വിശ്വാസ്യതയെപ്പറ്റി മാതൃഭൂമിയിലെ എന്‍ പി രാജേന്ദ്രന്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയിരിക്കുന്ന കുറിപ്പ് ശ്രദ്ധേയമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ആത്മപരിശോധന എന്ന നിലയില്‍ വിശേഷിച്ചു.

അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്ന്.....

നിങ്ങള്‍ക്ക്‌ മുഴുവന്‍ വസ്തുതകളും നേരിട്ടറിയാവുന്ന ഒരു കാര്യം പത്രവാര്‍ത്തയാകുമ്പോള്‍ മാത്രമാണ്‌, പത്രവാര്‍ത്തകളില്‍ എത്രത്തോളം വിശ്വസിക്കാം എന്നതിനെക്കുറിച്ച്‌ ശരിയായ ധാരണ ഉണ്ടാകുക എന്ന്‌ ഒരു മാധ്യമ നിരീക്ഷകന്‍ എഴുതിയിട്ടുണ്ട്‌. ഈ വസ്തുത പോലീസ്‌ ഉദ്യോഗസ്ഥന്‍മാര്‍, സ്ഥാപന മേധാവികള്‍, യഥാര്‍ത്ഥ ദൃക്സാക്ഷികള്‍ തുടങ്ങിയവരോടു ചോദിച്ചു നോക്കുക. യാഥാര്‍ത്ഥ്യവും വാര്‍ത്തയും തമ്മില്‍ എത്ര അകലമുണ്ട്‌ എന്ന്‌ അപ്പോഴേ നമുക്കറിയാനാകൂ.

Thursday, July 13, 2006

ശേഷം ചിന്ത്യം: ബ്ലോഗുകളുടെ വിശ്വാസ്യത

ബ്ലോഗുകളുടെ വിശ്വാസ്യതയെപ്പറ്റി മറ്റൊരു നല്ല ലേഖനം - സന്തോഷിന്റെ ശേഷം ചിന്ത്യം എന്ന ബ്ലോഗില്‍ നിന്നു്.

പത്രങ്ങളും വിശ്വാസ്യതയും പിന്നെ ഞാനും!

എട്ടിലോ ഒമ്പതിലോ പത്തിലോ മറ്റോ പത്രധര്‍മ്മം എന്ന പാഠം പഠിച്ചതിനുശേഷമായിരുന്നു (പഠിപ്പിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി-കാരണം പഠിച്ചോ എന്ന് ചോദിച്ചാല്‍ ആരാണ് അത് എഴുതിയത് എന്നുപോലും ഇപ്പോള്‍ ഓര്‍ക്കുന്നില്ല) നമ്മുടെ നാട്ടിലെ പത്രങ്ങള്‍ ഈ പത്രധര്‍മ്മം പാലിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്രമാത്രം എന്നുള്ള കാര്യം ഞാന്‍ അന്വേഷിക്കാന്‍ ആരംഭിച്ചത്. സാധാരണഗതിയില്‍ പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ അങ്ങേയറ്റം പരീക്ഷവരെ മാത്രം ഓര്‍ത്തിരിക്കുകയും അതിന്റെ പ്രായോഗിക വശങ്ങള്‍, നിത്യജീവിതത്തില്‍ ഈ പഠിക്കുന്ന ഭാഗങ്ങള്‍ക്കുള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒട്ടുമേ ബോധവാനാവുകയും ചെയ്യാത്ത ഞാന്‍, എന്തുകൊണ്ടോ പത്രധര്‍മ്മത്തിന്റെ കാര്യത്തില്‍ അതിന് നേരേ വിപരീതമായ കാര്യം ചെയ്‌തു. അത് എനിക്ക് പാരയുമായി. മനഃസമാധാനം ദിനം‌പ്രതിയെന്നോണം നഷ്‌ടപ്പെടാന്‍ തുടങ്ങി.

ആ പാഠത്തിന്റെ പഠനത്തിനു ശേഷമുള്ള ആദ്യ ഇലക്‍ഷന്‍ കാലത്തായിരുന്നു പത്രധര്‍മ്മം പരീക്ഷിച്ചറിയാനുള്ള ആദ്യത്തെ അവസരം കൈവന്നത്. മനോരമയില്‍ വന്ന മണ്ഡലങ്ങളിലൂടെ എന്നോ മറ്റോ ഉള്ള പം‌ക്തി ഞാന്‍ സ്ഥിരമായി വായിച്ചു. മനോരമ പറഞ്ഞ പ്രകാരമുള്ള കണക്കുകൂട്ടലൊക്കെ നടത്തി നാട്ടില്‍ യു.ഡി.എഫ് ജയിക്കുമെന്നുള്ള ഒരു നിഗമനത്തില്‍ ഞാന്‍ എത്തി-കാരണം, മിക്ക മണ്ഡലങ്ങളിലൂടെയും മനോരമ കടന്നുപോയപ്പോള്‍ അവിടങ്ങളിലെല്ലാം വീശുന്ന കാറ്റ് യു.ഡി.എഫിന്റേതു മാത്രം. ചിലയിടത്തൊക്കെ ആ കാറ്റ് കൊടുങ്കാറ്റായിപ്പോലും രൂപാന്തരപ്പെട്ടു. അതില്‍ ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്ന കാ‍ര്യം ചാത്തന്നൂരിലെ മത്സരമായിരുന്നു. മനോരമ വായിച്ച ഞാന്‍ അവിടെ സി.വി. പത്‌മരാജന്‍ ഇലക്ഷനൊക്കെ കഴിഞ്ഞ് കൈയ്യും വീശി ജീപ്പില്‍ പോകുന്നത് വെറുതെ സ്വപ്നം കണ്ടു. പക്ഷേ ഇലക്ഷന്‍ ഫലം വന്നപ്പോള്‍ ഞാന്‍ ഞെട്ടി. ഭരണം ഇടതുമുന്നണിക്ക്. ചാത്തന്നൂരില്‍ സി.വി. പത്മരാജന്‍ തോറ്റു.

അന്ന് തുടങ്ങി എന്റെ ആശങ്കകള്‍. അപ്പോള്‍ മനോരമയെന്തേ യു.ഡി.എഫ് ജയിക്കുമെന്നൊക്കെ എന്നെ വിശ്വസിപ്പിക്കുന്ന രീതിയില്‍ എഴുതി? ഇതാണോ പത്രധര്‍മ്മം? ഈ കാര്യം വീട്ടിലുള്ളവരോടും മറ്റുള്ളവരോടുമൊക്കെ ചര്‍ച്ച ചെയ്തപ്പോളാണ് മനസ്സിലായത് ഓരോ പത്രത്തിനും നമ്മുടെ നാട്ടില്‍ ഓരോ അജണ്ടയുണ്ടെന്നും അതിനെ ബാധിക്കുന്ന കാര്യങ്ങളിലൊക്കെ പത്രധര്‍മ്മത്തെക്കാളും മറ്റുപലതിലുമായിരിക്കും പത്രങ്ങളുടെ ശ്രദ്ധയെന്നുമൊക്കെ.

പിന്നെ വളരെ ശ്രദ്ധേയമായ ഒരു പത്രധര്‍മ്മം ഞാന്‍ കണ്ടത് ഐ.എസ്.ആര്‍.ഓ ചാരക്കേസിലായിരുന്നു. ഐ.എസ്.ആര്‍.ഓ യുടെ നേട്ടങ്ങളൊക്കെ വളരെ ആദരപൂര്‍വ്വം നോക്കിക്കണ്ടുകൊണ്ടിരുന്ന എന്നെ പത്രങ്ങളിലെ വാര്‍ത്തകള്‍ വല്ലാതെ വേദനിപ്പിച്ചു. വളരെ വിശ്വാസയോഗ്യമായ രീതിയിലായിരുന്നു അവര്‍ വാര്‍ത്തകള്‍ തന്നിരുന്നത് (അപ്പോഴും വായന മനോരമ മാത്രം, പക്ഷേ മറ്റു പത്രങ്ങള്‍ വായിച്ചവരുടെ അഭിപ്രായങ്ങളിലും വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു).പക്ഷേ കുറെക്കഴിഞ്ഞ് കാര്യങ്ങളുടെ നിജസ്ഥിതി മറ്റുമാര്‍ഗ്ഗങ്ങളില്‍ കൂടി അറിഞ്ഞപ്പോള്‍ എനിക്കുണ്ടായ വികാരം എന്താണെന്ന് ഇപ്പോഴും പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. ഇത്രയും ക്രൂരമായി പത്രങ്ങള്‍ പെരുമാറുമോ എന്ന് ഞാന്‍ അന്നാദ്യമായി സംശയിച്ചു. ആ കേസിലുള്‍പ്പെട്ട ചില ശാസ്ത്രജ്ഞരുടെ പ്രാഗത്ഭ്യത്തെപ്പറ്റിയൊക്കെ പിന്നീട് മനസ്സിലാക്കിയപ്പോള്‍ എനിക്കെന്തൊ വല്ലാത്തൊരു ദേഷ്യമായിരുന്നു പത്രങ്ങളെപ്പറ്റി. ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല, എത്രമാത്രം പത്രങ്ങള്‍ അക്കാര്യത്തില്‍ സത്യം വിളമ്പി, എത്രമാത്രം അവരുടെ അജണ്ട വിളമ്പി എന്ന്. പിന്നീട് വന്ന കോടതിവിധികളിലൂടെയും മറ്റും ഞാന്‍ മനസ്സിലാക്കിയത് പല പത്രങ്ങള്‍ക്കും പല ഗൂഢമായ ഉദ്ദേശവും ആ റിപ്പോര്‍ട്ടിംഗിലൂടെ ഉണ്ടായിരുന്നു എന്നാണ്. പക്ഷേ എന്നിട്ടുപോലും പശ്ചാത്താപത്തിന്റെ ഒരു കണികപോലും കാണിക്കാന്‍ പല പത്രങ്ങളും തയ്യാറായില്ല (കുറഞ്ഞ പക്ഷം എന്റെ അറിവിലെങ്കിലും)

കരുണാകരനെ താഴെയിറക്കുക എന്ന ഗൂഢലക്ഷ്യം ആ റിപ്പോര്‍ട്ടിംഗിലൂടെ പത്രക്കാര്‍ സാധിച്ചെടുത്തു. രണ്ടു പ്രാവശ്യവും കരുണാകരനെ താഴെയിറക്കാന്‍ നിരപരാധികള്‍ കരുവായെന്നത് കരുണാകരന്റെ നിയോഗമായിരുന്നുവോ? ആദ്യം രാജന്‍, പിന്നെ ഐ.എസ്.ആര്‍.ഓ യിലെ ശാസ്ത്രജ്ഞര്‍!

രണ്ടായിരാമാണ്ടോടെ പത്രങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനുകള്‍ തുടങ്ങി പല പത്രങ്ങള്‍ ഒന്നിച്ചു വായിക്കാന്‍ തുടങ്ങിയപ്പോഴാണ് പത്രങ്ങളുടെ വിശ്വാസ്യതയുടെ ആഴം ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയത്. ഒരു പത്രം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത മറ്റേ പത്രത്തില്‍ കാണുകയേ ഇല്ല. അല്ലെങ്കില്‍ വളച്ചൊടിച്ച വാര്‍ത്തകള്‍-ഒരു പത്രത്തില്‍ വരുന്നതിനു നേരെ വിപരീതമായിപ്പോലുമുള്ള വാര്‍ത്തകള്‍. അത് ഒരേ സമയം രസകരവും എന്നാല്‍ എന്നെ രോഷം കൊള്ളിക്കുന്നതുമായിരുന്നു. കഴിഞ്ഞ മന്ത്രിസഭയുടെ ഭരണകാലത്ത് വക്കം പുരുഷോത്തമനോട് ദീപികയ്ക്ക് എന്തോ പക ഉണ്ടായിരുന്നുവെന്ന് ദീപിക സ്ഥിരമായി വായിക്കുകയാണെങ്കില്‍ നമുക്ക് തോന്നുമായിരുന്നു. ഒരു ഉദാഹരണം ഇവിടെ. പക്ഷേ കേരള കൌമുദി വായിക്കുകയാണെങ്കില്‍ അങ്ങിനെയുള്ള പ്രശ്‌നമൊന്നും നമുക്ക് തോന്നുകയേ ഇല്ല. മനോരമയുടെ ദൌര്‍ബ്ബല്ല്യങ്ങള്‍ നാട്ടില്‍ പാട്ടാണല്ലോ. വാര്‍ത്തകള്‍, പത്രങ്ങളുടെ താത്‌പര്യങ്ങളും കൂടി മനസ്സില്‍ വെച്ചുകൊണ്ട് വായിക്കുകയാണെങ്കില്‍ കിട്ടുന്ന ചിത്രം അവരുടെ വാര്‍ത്തകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായി തോന്നി എനിക്ക്. പക്ഷേ നാട്ടില്‍ എത്ര പേര്‍ക്ക് പല പത്രങ്ങള്‍ ഒന്നിച്ച് വായിക്കാന്‍ പറ്റും? അങ്ങിനെയുള്ള നല്ലൊരു ശതമാനം വായനക്കാരിലും ഈ പത്രങ്ങള്‍ അവരുടെ താത്‌പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയല്ലേ? ഇതൊക്കെയായി എന്റെ ചിന്തകള്‍.

ഈ അടുത്ത കാലത്തായി പത്രങ്ങളുടെ വിശ്വാസ്യത എനിക്ക് ഒന്നുകൂടി ബോധ്യപ്പെട്ടത് നാനോടെക്‍നോളജി സെന്റര്‍ തുടങ്ങാമെന്നും പറഞ്ഞ് രണ്ട് ഡോക്ടര്‍ സഹോദരന്മാര്‍ മുന്‍‌മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയെ സമീപിച്ചപ്പോഴുള്ള പത്രവാര്‍ത്തകളായിരുന്നു. നാനോടെക്‍നോളജി സെന്ററിന് ഒരു കോടി രൂപാ അനുവദിച്ചിരിക്കുന്ന എന്ന മനോരമ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ വല്ലാതെ ആനന്ദിച്ചു. പക്ഷേ അമേരിക്കയിലുള്ള മലയാളികളായ രണ്ട് ഗവേഷകര്‍ ആ ഡോക്‍ടര്‍ സഹോദരന്മാരോട് സംവദിക്കുകയും, അവരുടെ പല അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിക്കുകയും ചെയ്തിട്ടും ആദ്യമൊന്നും പല പത്രങ്ങളും അക്കാര്യം വായനക്കാരെ അറിയിച്ചില്ല. ആ അമേരിക്കന്‍ ഗവേഷകരുടെ ബ്ലോഗ് ഇവിടെ. (ഇതില്‍ ഞാന്‍ ഏഷ്യാനെറ്റിനെ അഭിനന്ദിക്കുന്നു. കാരണം അമേരിക്കയിലുള്ള ഗവേഷകര്‍ക്ക് എല്ലാ ധാര്‍മ്മിക പിന്തുണയും നല്‍‌കുകയും അവരുടെ വാദങ്ങള്‍ ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് വഴി വായനക്കാരെ അറിയിക്കുകയും ചെയ്‌തത് ശ്രീ മുകുന്ദന്‍ മേനോനാണ്). പിന്നെ പയ്യെപ്പയ്യെ ഡോക്‍ടര്‍ സഹോദരരുടെ വാദഗതികള്‍ ദുര്‍ബ്ബലമായി വന്നപ്പോള്‍ പല പത്രങ്ങളും അവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് വാര്‍ത്തകള്‍ ഇട്ടു. പക്ഷേ അപ്പോഴും എന്റെ അറിവില്‍ മനോരമ ആ ഡോക്‍ടര്‍ സഹോദരരുടെ കാര്യത്തില്‍ ഒരു സംശയവും പ്രകടിപ്പിച്ചില്ല. അവരുടെ വെബ്‌സൈറ്റ് നവീകരിക്കുന്നതുവരെ അവരെപ്പറ്റിയുള്ള ഫീച്ചര്‍ മനോരമ ഇട്ടിരുന്നു. അതിനെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പ് ഇവിടെ. (ഇനി മനോരമയും അങ്ങിനത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ വാചകം പിന്‍‌വ‌ലിക്കുന്നു. എങ്കിലും അവരുടെ വെബ്‌സൈറ്റില്‍ വളരെക്കാലം ആ ഡോക്‍ടര്‍ സഹോദരരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഫീച്ചര്‍ ഉണ്ടായിരുന്നു).

അങ്ങിനെ ഒരു ഇലക്ഷന്‍ കാലത്തുണ്ടായ പത്രവിശ്വാസ്യതാന്വേഷണം എത്തിനില്‍ക്കുന്നത് ഇക്കഴിഞ്ഞ ഇലക്‍ഷന്‍ കാലത്തെ അന്വേഷണത്തിലാണ്. അതിന്റെ ചെറിയ ഒരു വിവരണം ഇവിടെ.

അതുപോലെ പലപ്പോഴും കണ്ടിരിക്കുന്ന വേറൊരു കാര്യം എങ്ങും തൊടാതെയുള്ള പത്രങ്ങളുടെ റിപ്പോര്‍ട്ടിംഗാണ്. ഒരിക്കല്‍ ഏവൂരാനും അതിനെപ്പറ്റി എഴുതിയിരുന്നു എന്ന് തോന്നുന്നു. ഒരു ഉദാഹരണം ഇവിടെ. പക്ഷേ ഇക്കാര്യത്തില്‍ പ്രായോഗികമായ പല ബുദ്ധിമുട്ടും പത്രങ്ങള്‍ക്കുണ്ടായിരിക്കും. അത് ഞാന്‍ മനസ്സിലാക്കുന്നു.

പക്ഷേ മുമ്പൊരിക്കല്‍ പറഞ്ഞതുപോലെ പത്രങ്ങള്‍ മൊത്തത്തില്‍ വിശ്വാസയോഗ്യമല്ലെന്നോ അവര്‍ വിശ്വസിക്കാന്‍ കൊള്ളില്ലാത്ത വാര്‍ത്തകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നൊന്നുമല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു വാര്‍ത്ത പത്രത്തില്‍ വന്നു എന്നതുകൊണ്ടു മാത്രം വിശ്വാസയോഗ്യമായിരിക്കണമെന്നില്ല എന്നുമാത്രം. പത്രത്തിന് ജനമനസ്സുകളിലുള്ള സ്ഥാനം വളരെ വലുതാണ്. നാട്ടില്‍ പലരും പത്രവാര്‍ത്തകളെ അതേപടി വിശ്വസിക്കുന്നവരുമാണ്. പക്ഷേ ആ ഉത്തരവാദിത്തബോധം ചില റിപ്പോര്‍ട്ടിംഗിലെങ്കിലും മനഃപൂര്‍വ്വമായിപ്പോലും പത്രങ്ങള്‍ കാണിക്കുന്നില്ല. നാട്ടിലെ പല കൊള്ളരുതായ്‌മകളും വെളിച്ചത്തുകൊണ്ടുവരാനും പല നല്ല വിവരങ്ങള്‍ നമുക്ക് നല്‍‌കാനും പത്രങ്ങള്‍ എപ്പോഴും മുന്നിലുണ്ട്. അതേ പത്രങ്ങളോ അതിനോട് ബന്ധപ്പെട്ടവരോ തന്നെയാണ് ഒരു രഹസ്യക്യാമറയും വെച്ച് കൈക്കൂലി മേടിക്കാത്ത ആള്‍ക്കാരുടെ പുറകെ നടന്ന് കൈക്കൂലി എങ്ങിനെയെങ്കിലും മേടിപ്പിച്ചോ അല്ലെങ്കില്‍ മേടിച്ചപോലെ വരുത്തിയോ ഒക്കെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. അതിനെപ്പറ്റി ഇവിടെ. (രഹസ്യക്യാമറാ പരിപാടിയെപ്പറ്റി വളരെ നല്ല ഒരു ലേഖനം വന്നത് കേരള കൌമുദിയിലായിരുന്നു. ഇപ്പോള്‍ ആ ലിങ്കില്ല). അതുപോലെ അതേ പത്രങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നതുപോലെ ഒരേ വാര്‍ത്ത തങ്ങള്‍ക്കു യോജിച്ച രീതിയിലാക്കി നമുക്ക് വിളമ്പുന്നത്. അതിലാണ് എന്റെ പ്രതിഷേധം. പിന്നെ പത്രക്കാരെപ്പറ്റി എനിക്ക് ഏറ്റവും സങ്കടം വന്ന ഒരു സംഭവം മുസ്ലീം ലീഗിന്റെ ആള്‍ക്കാര്‍ തല്ലിയെന്നൊക്കെ പറഞ്ഞ വന്‍ പ്രതിഷേധങ്ങള്‍ നടത്തിയവര്‍ ലല്ലു യാദവിന്റെ മകള്‍ ഒരു പത്രക്കാരനെയോ വീഡിയോക്കാരനെയോ മറ്റോ തിരുവനന്തപുരം റെയില്‍‌വേ സ്റ്റേഷനില്‍ വെച്ച് ചെകിടത്തടിച്ചപ്പോള്‍ പരാതിയൊന്നുമില്ലാ എന്നുപറഞ്ഞ് ചിരിച്ചുകാണിച്ചതാണ് (ഇനി തല്ലുകൊണ്ട വ്യക്തി പത്രവുമായി ബന്ധമുള്ള ആളായിരുന്നോ അല്ലയോ എന്ന് എനിക്കറിയില്ല).

ബ്ലോഗിനെപ്പറ്റി പറയുമ്പോള്‍ പത്രക്കാര്‍ക്ക് ആദ്യം അറിയേണ്ടത് അതിന്റെ വിശ്വാസ്യതയാണ്. അങ്ങിനെയെങ്കില്‍ ആ ചോദിക്കുന്നവരുടെ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത എത്രത്തോളമുണ്ട് എന്നുള്ള, വേണമെങ്കില്‍ വികാരപരമെന്ന് പറയാവുന്ന, ഒരു അന്വേഷണത്തിന്റെ ഫലമാണ് ഈ കുറിപ്പ്. അല്ലാതെ പത്രങ്ങളെക്കാളും വിശ്വാസ്യത ബ്ലോഗിനുണ്ടെന്ന് സമര്‍ത്ഥിക്കാനോ പത്രങ്ങള്‍ വിശ്വാസയോഗ്യമല്ല എന്ന് സ്ഥാപിക്കാനോ അല്ല.

Wednesday, July 12, 2006

പല തരം വിശ്വാസ്യതകള്‍...

ഒരേ വാര്‍ത്ത തന്നെ പല പത്രങ്ങളില്‍ പല തരത്തില്‍. വക്കാരിയുടെ വിശ്വാസ്യതയോ, സ്പേസോ, രണ്ടും കൂടിയോ? എന്ന പോസ്റ്റും അതിന്റെ കമന്റുകളും വായിക്കുക.

Tuesday, July 11, 2006

ഗീര്‍വാണമോ സത്യമോ? ആര്‍ക്കറിയാം

മലയാള മനോരമ ഞായറാഴ്ച പതിപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ അലക്സ് പൈകടയുടെ കഥയുണ്ട്. ആര്‍ക്കും മനസിലാകാത്ത ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എഴുതുന്നയാള്‍ എന്നാണ് ഗീതാഞ്ജലി എക്സ്പ്രസ് എന്ന ലേഖനം അലക്സിനെ വിശേഷിപ്പിക്കുന്നത്.

ബി ടെക് ബിരുദം, സന്യാസം, ജോലി തേടല്‍, ഉപേക്ഷിക്കല്‍, ഗവേഷണം, ഗവേഷണമുപേക്ഷിക്കല്‍, കൃഷിപ്പണി ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ നിറഞ്ഞതാണ് അലക്സിന്റെ ജീവിതം. വായിച്ചുകഴിഞ്ഞാല്‍ ചിലപ്പോള്‍ അലക്സിനെ വട്ടന്‍ എന്നു വിളിക്കാന്‍ തോന്നുമെങ്കിലും എനിക്ക് അലക്സിനെ ഇഷ്ടപ്പെട്ടു. ഒരു പാട് യാത്രകള്‍ നടത്തിയവരെ എനിക്കേറെ ഇഷ്ടമാണ്. ലോകം കണ്ടവരാണല്ലോ.

അതവിടിരിക്കട്ടെ. ലേഖനം വായിച്ചുകഴിയുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ഇതില്‍ പറയുന്ന കാര്യങ്ങളെല്ലാം അലക്സ് തന്നെ ലേഖകനോട് പറഞ്ഞതാണ്. അപ്പോള്‍ ന്യായമായും അലക്സിന്റെ വാക്കുകള്‍ സത്യസന്ധമാണെന്നു തെളിയിക്കാന്‍ എന്തെങ്കിലുമൊക്കെ ലേഖനത്തോടൊപ്പം വേണ്ടേ? ദോഷൈകദൃക്കാവുകയല്ല; എന്നാലും ചില സംശയങ്ങള്‍ ലേഖനം വായിച്ചതിനുശേഷം എനിക്കുണ്ടായി.

1. ഇംഗ്ലീഷ് പ്രയോഗങ്ങള്‍ മനസിലാകാത്തതു കാരണം കൊച്ചി സര്‍വകലാശാലയിലെ ഗവേഷണ വഴികാട്ടികള്‍ അലക്സിന്റെ പ്രബന്ധം തിരിച്ചു നല്‍കി എന്നതാണ് ഇതില്‍ എടുത്തുപറയുന്ന കാര്യം. കൊച്ചി സര്‍വകലാശാലയില്‍ ജോലിചെയ്യുന്ന ഒരു ഗവേഷണ മേല്‍നോട്ടക്കാരന് മനസിലാകാത്ത ഇംഗ്ലീഷോ? അതെന്തൊരിംഗ്ലീഷ് ആണെന്ന് നിങ്ങള്‍ക്കു സംശയം തോന്നുമോ എന്നറിയില്ല, പക്ഷേ എനിക്കു സംശയമുണ്ടായി. ഇത്ര മഹത്തായ ആ ഇംഗ്ലീഷിന്റെ ഒരു സാമ്പിള്‍ എങ്കിലും ലേഖനത്തോടൊപ്പം കൊടുത്തിരുന്നെങ്കില്‍ എന്റെ സംശയം മാറിയേനെ.

അതല്ലെങ്കില്‍ അലക്സിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ല എന്നു പറഞ്ഞ റിസര്‍ച്ച് ഗൈഡുമാരെ ആരെയെങ്കിലും ലേഖകന് അവതരിപ്പിക്കാമായിരുന്നില്ലേ?

ഇനി അലക്സിന്റെ ഇംഗ്ലീഷ് മനസിലാകാത്തതിനാല്‍ ഒരു ഗവേഷണ പ്രബന്ധം തിരിച്ചു നല്‍കിയെങ്കില്‍ ആ റിസര്‍ച്ച് ഗൈഡുമാരെയൊക്കെ എന്തിനു വച്ചോണ്ടിരിക്കണം. ആദ്യം പോയി ഇംഗ്ലീ‍ഷ് പഠിക്കാന്‍ പറഞ്ഞു വിടേണ്ടേ?

ഇനി അലക്സിന്റെ ഇംഗ്ലീഷല്ല, ഗവേഷണ പ്രബന്ധമേ മനസിലായില്ല എന്നോ മറ്റോ ആണോ പറഞ്ഞത്? ആര്‍ക്കറിയം. സംശയങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ.

2. ഗീതാഞ്ജലി എക്സ്പ്രസ് എന്ന പുസ്തകം അമേരിക്കന്‍ വായനക്കാരുടെ കൈകളിലൂടെ അതിവേഗം പായുകയാണ് എന്ന വരികളാണ് എന്നിലെ സംശയിക്കുന്ന തോമായെ വീണ്ടുമുണര്‍ത്തിയത്. നാളിത്രയും ഇവിടെ താമസിച്ചിട്ടും ഇങ്ങനെ ഒരു പുസ്തകത്തെപ്പറ്റി കേട്ടിട്ടില്ലല്ലോ എന്ന കുറ്റബോധമെനിക്കുണ്ട്.

ഏതായാലും നെറ്റില്‍ ഒന്നു സെര്‍ച്ച് ചെയ്തേക്കാം എന്നു കരുതി. ഫ്രഡ് ഡങ്കന്‍ എന്ന സായ്പ് അലക്സിന്റെ ഇംഗ്ലീഷില്‍ ഭ്രമിച്ച് ടിയാളുടെ അമ്പതിനായിരം വരികള്‍ വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ലേഖനം പറഞ്ഞു വയ്ക്കുന്നത്.

എന്നാല്‍ അഞ്ചു മിനിട്ടത്തെ നെറ്റ് മുങ്ങിത്തപ്പലില്‍ നിന്നും ഞാന്‍ മനസിലാക്കിയതു മറ്റൊന്നാണ്. അലക്സ് പൈകടയ്ക്ക് ഫ്രഡ് ഡങ്കന്‍ സായ്‌വിന്റെ ഇമെയില്‍ വിലാസം എങ്ങനെയോ ലഭിച്ചു. സായ്‌വ് തന്നെ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കൂ.

He tells me that due to his ethnicity (Udalla tribe) there is no hope of him ever being published in India and asks me to rate his chances of attracting an American publisher.

അലക്സ് പൈകട എങ്ങനെയാണോ ഉഡാല ഗോത്രക്കാരനായത്. അങ്ങനെയുള്ള ഗോത്രക്കാരുടെ പുസ്തകം പ്രസിദ്ധീകരിക്കില്ല എന്ന നിര്‍ബന്ധബുദ്ധി ഇന്ത്യയിലെ പ്രസാധകര്‍ക്കുണ്ടോ? ആര്‍ക്കറിയാം. ഏതായാലും ലേഖനത്തില്‍ പറഞ്ഞിരിക്കുമ്പോലെ ഡെങ്കന്‍ സായ്‌വ് അലക്സിനെ തേടിയെത്തുകയല്ല, അലക്സ് ഡെങ്കന്‍ സായ്‌വിനോട് യാചിക്കുകയായിരുന്നു എന്നെനിക്കു മനസിലായി.

ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഗീതാഞ്ജലി എക്സ്പ്രസിന്റെ ഹിറ്റു പെരുമഴ കാരണം അതു പുസ്തകമാക്കാന്‍ ഫ്രഡ് ഡങ്കന്‍ തീരുമാനിച്ചത്രേ. പത്തു ശതമാനം റോയല്‍റ്റി മാത്രമേ അലക്സിനുള്ളൂ. നിര്‍മ്മമതയോടെ അലക്സ് അതും സമ്മതിച്ചു.

ഇവിടെയും എനിക്കു ചില സംശയങ്ങളുണ്ട്. ഡങ്കന്‍ സായ്‌വിന്റെ വെബ്‌സൈറ്റ് പറയുന്നത്, അങ്ങോര്‍ ഒരു പേപ്പര്‍ പുസ്തക വിരോധിയാണെന്നാണ്. അതായത് പേപ്പറില്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ ലോകത്തുള്ള മരങ്ങള്‍ക്കെല്ലാം ഭീഷണിയാണന്നതിനാല്‍ ഓണ്‍‌ലൈന്‍ പുസ്തകങ്ങള്‍ക്കുവേണ്ടി വാദിക്കുന്നയാള്‍. ഷെക്സ്പിയര്‍ മുതല്‍ ഡി എച്ച് ലോറന്‍സ് വരെയുള്ളവരുടെ പുസ്തകങ്ങള്‍ ഡെങ്കന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. അലക്സിന്റെ ഗീതാഞ്ജലി എക്സ്പ്രസും.

തന്റെ പോളിസികളൊക്കെ മാറ്റിവച്ച് അലക്സിന്റെ പുസ്തകം പേപ്പറില്‍ അച്ചടിക്കാന്‍ തന്നെ ഡങ്കന്‍ തീരുമാനിച്ചോ? ആര്‍ക്കറിയാം. സായ്‌വിനോട് തന്നെ എന്നെങ്കിലും ചോദിക്കാം അതേ നിവൃത്തിയുള്ളൂ.

അലക്സ് പൈകടയുടെ കഴിവുകളെ ചോദ്യം ചെയ്യുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. മറിച്ച് ലേഖനം വായിച്ചു കഴിയുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സംശയങ്ങള്‍ തീര്‍ത്തുതരാന്‍ അതെഴുതിയ സന്തോഷ് ജോണ്‍ തൂവല്‍ ഒന്നും ചെയ്തില്ല എന്നു പറയുകയായിരുന്നു. അതോ ഈ സംശയങ്ങള്‍ എനിക്കു മാത്രമുണ്ടായതാണോ?നിങ്ങള്‍ക്കെന്താണാവോ തോന്നുന്നത്. ലേഖനമൊന്നു വായിച്ചു നോക്കുക.

അലക്സിന്റെ ഗീതാഞ്ജലി എക്സ്പ്രസ് മുഴുവനായും ഇവിടെ വായിക്കാം. കടിച്ചാല്‍ പൊട്ടാത്ത കുറേ ഇംഗ്ലീഷ് വാക്കുകള്‍ അവയിലുണ്ട്. സാഹിത്യപരമായി അത്ര വല്യ മേന്മയൊന്നും എനിക്കു കാണാനാവുന്നില്ല. ആര്‍ക്കറിയാം, ചിലപ്പോള്‍ ഒക്കെ എന്റെ പ്രശ്നങ്ങളാവാം.

Saturday, July 08, 2006

മാധ്യമങ്ങളുടെ വിശ്വാസ്യത?

വക്കാരി എന്ന ഒറ്റയാള്‍ പട്ടാളത്തെ നമുക്കു് ഒരു ബറ്റാലിയനാക്കാം. വരൂ സുഹൃത്തുക്കളേ. പത്രങ്ങളില്‍ കാണുന്ന വിശ്വാസ്യത ഇല്ലാത്ത എല്ലാം പോസ്റ്റു ചെയ്യൂ. വ്യക്തമായി റെഫറന്‍സ് ഉണ്ടാവണം. തെറ്റായ വിവരം കൊടുക്കരുതു്.

അസഭ്യങ്ങളും ഇക്കിളി സെന്‍സേഷനുകളും ചൂണ്ടിക്കാട്ടേണ്ട. അസഭ്യത്തിന്റെ കുത്തക പത്രമാസികകള്‍ തന്നെ കൈവശം വെച്ചോട്ടേ.