പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Monday, July 06, 2009

ദേശാഭിമാനിയുടെ നല്ല ചൂടുള്ള പട്ടി!

വാർത്ത കൌതുകമാകണമെങ്കിൽ ദേശാഭിമാനി തന്നെ പറയണം!

അറിഞ്ഞില്ലേ? അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു് ഒരുത്തൻ 68 പട്ടികളെ തിന്നെന്നു്! അതും വെറും പത്തു മിനിറ്റിൽ!

ദേശാഭിമാനി ഇതു വരെ അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാർത്ത പോലും കടുകിടെ തെറ്റിയിട്ടില്ല. അപ്പോൾ ഇതു ശരിയാകാതെ വഴിയില്ല.




എന്നാലും പത്തു മിനിറ്റിൽ 68 പട്ടികൾ! ജീവനുള്ളവയെയാണോ ചത്തവയെയാണോ എന്നു വാർത്തയിലില്ല. അതുങ്ങളുടെ കുടലും പണ്ടവും എല്ലാം തിന്നോ അതോ പാചകം ചെയ്ത പട്ടിമാംസം മാത്രമേ തിന്നുള്ളോ? അതും ദേശാഭിമാനിക്കറിയില്ല.

വാർത്തകൾ വളച്ചൊടിച്ചു മാത്രം പ്രസിദ്ധീകരിക്കുന്ന കുത്തകമാദ്ധ്യമം സീയെന്നെന്നിൽ നോക്കാമെന്നു കരുതി. ദാ കിടക്കുന്നു...



പഹയൻ തിന്നതു ഹോട്ട് ഡോഗ് ആണു്! അല്ലാതെ ചത്ത പട്ടിയൊന്നുമല്ല. ഈ അമേരിക്കക്കാരുടെ ഒരു കാര്യം!

ദേശാഭിമാനിയ്ക്കാണെങ്കിൽ ഈ അമേരിക്കൻ ഇംഗ്ലീഷ് തീരെ വശമില്ല. ഓരോ വാക്കായി തർജ്ജമ ചെയ്താണു തഴക്കം. പണ്ടു റഷ്യനും ഇപ്പോൾ ചൈനീസും മാത്രമേ തർജ്ജമ ചെയ്യാറുള്ളൂ. അതൊക്കെ എന്തു നല്ല ഭാഷകൾ! ഹോട്ട് ഡോഗ് എന്നു പറഞ്ഞാൽ അർത്ഥം ചൂടുള്ള പട്ടി എന്നു തന്നെ ആയിരിക്കും.

സ്പസീബ, തവാറീഷ് ദേശാഭിമാനീ...

Labels: , ,