പത്രങ്ങള്‍ക്കു തെറ്റുമ്പോള്‍...

Monday, July 06, 2009

ദേശാഭിമാനിയുടെ നല്ല ചൂടുള്ള പട്ടി!

വാർത്ത കൌതുകമാകണമെങ്കിൽ ദേശാഭിമാനി തന്നെ പറയണം!

അറിഞ്ഞില്ലേ? അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു് ഒരുത്തൻ 68 പട്ടികളെ തിന്നെന്നു്! അതും വെറും പത്തു മിനിറ്റിൽ!

ദേശാഭിമാനി ഇതു വരെ അമേരിക്കയെപ്പറ്റി പറഞ്ഞിട്ടുള്ള ഒരു വാർത്ത പോലും കടുകിടെ തെറ്റിയിട്ടില്ല. അപ്പോൾ ഇതു ശരിയാകാതെ വഴിയില്ല.




എന്നാലും പത്തു മിനിറ്റിൽ 68 പട്ടികൾ! ജീവനുള്ളവയെയാണോ ചത്തവയെയാണോ എന്നു വാർത്തയിലില്ല. അതുങ്ങളുടെ കുടലും പണ്ടവും എല്ലാം തിന്നോ അതോ പാചകം ചെയ്ത പട്ടിമാംസം മാത്രമേ തിന്നുള്ളോ? അതും ദേശാഭിമാനിക്കറിയില്ല.

വാർത്തകൾ വളച്ചൊടിച്ചു മാത്രം പ്രസിദ്ധീകരിക്കുന്ന കുത്തകമാദ്ധ്യമം സീയെന്നെന്നിൽ നോക്കാമെന്നു കരുതി. ദാ കിടക്കുന്നു...



പഹയൻ തിന്നതു ഹോട്ട് ഡോഗ് ആണു്! അല്ലാതെ ചത്ത പട്ടിയൊന്നുമല്ല. ഈ അമേരിക്കക്കാരുടെ ഒരു കാര്യം!

ദേശാഭിമാനിയ്ക്കാണെങ്കിൽ ഈ അമേരിക്കൻ ഇംഗ്ലീഷ് തീരെ വശമില്ല. ഓരോ വാക്കായി തർജ്ജമ ചെയ്താണു തഴക്കം. പണ്ടു റഷ്യനും ഇപ്പോൾ ചൈനീസും മാത്രമേ തർജ്ജമ ചെയ്യാറുള്ളൂ. അതൊക്കെ എന്തു നല്ല ഭാഷകൾ! ഹോട്ട് ഡോഗ് എന്നു പറഞ്ഞാൽ അർത്ഥം ചൂടുള്ള പട്ടി എന്നു തന്നെ ആയിരിക്കും.

സ്പസീബ, തവാറീഷ് ദേശാഭിമാനീ...

Labels: , ,

Monday, June 22, 2009

കൂട്ടക്കൊലയാളി അവതരിപ്പിക്കുന്ന ജനപ്രിയബജറ്റ്

മലയാളത്തിൽ ഏറ്റവും സാങ്കേതികത്തികവുള്ള പത്രം...

അന്താരാഷ്ട്രമാദ്ധ്യമങ്ങളെപ്പോലും അതിശയിക്കുന്ന കാര്യക്ഷമതയോടെ മലയാളികൾക്കു കൃത്യവും സത്യവുമായ വാർത്തകൾ എത്തിക്കുന്ന പത്രം...

ബ്ലോഗുകളും ഇതരമാദ്ധ്യമങ്ങളും വിശ്വാസ്യമല്ല എന്നു നേരെയും തങ്ങളുടെ കൂലിയെഴുത്തുകാർ വഴിയും ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിക്കുന്ന നമ്മുടെ പത്രം...

അതേ,

മലയാളവുമിംഗ്ലീഷും പല വൈചിത്ര്യമോടുടടൻ
നലമായച്ചടിച്ചീടും മലയാളമനോരമ


മലയാളത്തിലേയേറ്റം വില താണുള്ള പത്രിക
വിലസീടുന്നു വിഖ്യാതാ മലയാളമനോരമ.


ആ മലയാളമനോരമയ്ക്കു് ഇന്നു് ഒരു ചെറിയ തെറ്റു പറ്റി. ഒന്നുമില്ല, ഒരു കൂട്ടക്കൊലക്കേസിലെ പ്രതിയോടു് ഒരു ജനപ്രിയബജറ്റ് പ്രഖ്യാപിക്കാൻ പറഞ്ഞു. അത്രമാത്രം.

വാർത്ത ഇവിടെ. സ്ക്രീൻഷോട്ട് താഴെ.




നന്നേ ചെറിയ തെറ്റു മാത്രം. ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്ടെക് സിങ് അലുവാലിയയ്ക്കു പകരം മനോരമ പ്രസിദ്ധീകരിച്ചതു് കൂട്ടക്കൊലയാളിയായ മൊഹീന്ദർ സിങ് പാന്ധറിന്റെ പടം!

ഇനി ആഭ്യന്തരമന്ത്രിയായി വീരപ്പന്റെയും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി ദാവൂദ് ഇബ്രാഹിമിന്റെയും പടം പ്രതീക്ഷിക്കാം. മനോരമയല്ലേ, ജനം കണ്ണുമടച്ചു വിഴുങ്ങുമല്ലോ...

Labels: , , ,

Wednesday, December 20, 2006

ജോജോയ്ക്ക് വിധി കല്‍‌പിച്ച മലയാളം പത്രങ്ങള്‍

പത്രങ്ങളുടെ വിശ്വാസ്യത അളക്കാന്‍ പറ്റിയ ഒരു ഉഗ്രന്‍ സംഭവമാണല്ലോ ജോജോ വധശിക്ഷയില്‍ക്കൂടി നമ്മള്‍ ഇന്ന് കണ്ടത്. എന്തൊക്കെയായിരുന്നു, ഭാവന. സ്വന്തം നേതാവിനെ പൊക്കാനും പുകഴ്ത്താനും പത്രക്കാരൊക്കെ പെട്ട പാട്. മംഗളം മാത്രം ഒരു അപവാദമായി.

നമുക്ക് ഒന്നൊന്നായി നോക്കാം.

ഇതാ ദീപികയുടെ വക.





ഇസ്ലാം മതവിശ്വാസിയല്ലാത്ത ഒരാള്‍ മദീനയില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ ആറ് മണിക്കൂറിനുള്ളില്‍ തൂക്കിക്കൊല്ലണമത്രേ. ഇന്ന് മൊത്തം ഇരുന്ന് ഗൂഗിള്‍ ഗവേഷണം നടത്തി. അവിടെ അങ്ങിനെ പ്രവേശിച്ചവരില്‍ ചിലരുടെയൊക്കെ കുറിപ്പുകള്‍ കണ്ടു. ഫൈനടച്ച് വിടുക, ഇനി ഇങ്ങോട്ട് വന്നേക്കരുതെന്ന് താക്കീത് കൊടുത്ത് വിടുക ഇതൊക്കെയേ ഗൂഗിളില്‍ കണ്ടുള്ളൂ (ശരിക്കുള്ള നിയമം അറിയില്ല കേട്ടോ). പക്ഷേ ദീപിക സൌദി നിയമം കോട്ടയത്തിരുന്ന് ഉണ്ടാക്കി- നാലുമുതല്‍ ആറു മണിക്കൂറിനുള്ളില്‍ വധശിക്ഷ.

പിന്നെ താഴോട്ട് നോക്കിക്കേ. ഉമ്മന്‍ ചാണ്ടിയും വയലാര്‍ രവിയുമൊക്കെ പെടാപാട് പെടുന്ന കാഴ്ചയാണ്. അവസാനം അവരൊക്കെ നാട്ടിലിരുന്ന് സൌദി ഗവണ്മെന്റിനോട് പറഞ്ഞു, ജോജോ കുറ്റക്കാരനല്ല എന്ന്. സൌദി ഗവണ്മെന്റ്, “ഓ അപ്പഡിയാമാ” എന്ന് പറഞ്ഞ് ജോജോയെ അങ്ങ് വിട്ടു. ഹോ, ബുഷിനുപോലും സൌദി ഗവണ്മെന്റിനെ അത്രയ്ക്കങ്ങ് കണ്‍‌വിന്‍സ് ചെയ്യാന്‍ പറ്റിയിട്ടില്ല-പക്ഷേ നമ്മുടെ ചാണ്ടിസാറും രവിസാറും അഹമ്മദ് സാറുമൊക്കെ ആരാ പാര്‍ട്ടികള്‍...

ഇനി ക്രെഡിറ്റ് വീതം വെയ്പ്:



ശ്രീ രവിസാര്‍ ഇതൊക്കെ ചെയ്തത് തന്നെ? ആണെന്നോ അല്ലന്നോ പറയാന്‍ പറ്റില്ല. കാരണം ഇതൊക്കെ പറഞ്ഞിരിക്കുന്നത് ദീപികയല്ലേ. ചിലപ്പോള്‍ ജോജോ പറഞ്ഞതനുസരിച്ച് വധശിക്ഷ തന്നെ കൊടുക്കുമെന്ന് വിചാരിച്ച് രവിസാര്‍ കാര്യമായി ഇടപെട്ട് കാണും. സംഘര്‍ഷഭരിതം തന്നെയായിരുന്നിരിക്കും ഇന്നലെ അദ്ദേഹത്തിന്. പക്ഷേ അദ്ദേഹം ഇവിടിരുന്ന് ജോജോ കുറ്റക്കാരനല്ല എന്നൊക്കെ എങ്ങിനെ സൌദിയെ ബോധ്യപ്പെടുത്തും എന്നൊരു സംശയം. എന്തായാലും ദീപിക ഒരു ആക്ഷന്‍ സിനിമ കാണുന്ന രീതിയില്‍ എഴുതിയിട്ടുണ്ട്.

ദീപിക ഇങ്ങിനെയാണെങ്കില്‍ മനോരമ ഇതിനപ്പുറം. പക്ഷേ പഴയ ലക്കങ്ങള്‍ കിട്ടുന്ന സംവിധാനം ഇല്ലാത്തതുകാരണം ലിങ്കൊന്നും കൊടുക്കാന്‍ പറ്റുന്നില്ല.

മാതൃഭൂമിയെന്താ മോശമാണോ.


ജോജോ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രീ അഹമ്മദിനും ശ്രീ രവിക്കും കഴിഞ്ഞത്രേ. അതെങ്ങിനെയെന്ന് എനിക്കിപ്പോഴും പിടികിട്ടുന്നില്ല.

പക്ഷേ ഇതിനിടയ്ക്കും മംഗളം സംയമനം പാലിച്ചു. ഇന്നലത്തെ മംഗളം വാര്‍ത്ത:



എന്നിട്ട് ഇന്ന് ബാക്കിയെല്ലാവര്‍ക്കും കണക്കിന് കൊടുക്കുകയും ചെയ്തു. ഇന്നത്തെ മംഗളം വാര്‍ത്ത (ലിങ്കിവിടെ):






ഷാജുദ്ദീനേ, സ്തുതിയായിരിക്കട്ടെ. അടിപൊളി.

(ദേവസ്വം ബോര്‍ഡ് പ്രശ്നമായാലും ഹാരിസണ്‍ മലയാളം പ്രശ്നമായാലും ജയകൃഷ്ണന്‍ വധക്കേസിലെ സര്‍ക്കാരിന്റെ കളികളായാലും ജോജോയുടെ പ്രശ്നമായാലും ഇപ്പോള്‍ കുറച്ചെങ്കിലും വിശ്വസിക്കാവുന്ന വാര്‍ത്തകളും നല്ല അവലോകനങ്ങളും വരുന്നത് മംഗളത്തിലാണെന്ന് തോന്നുന്നു-എന്റേത് മാത്രമായ ഒരു നിരീക്ഷണം).

തോമസ് ചാണ്ടി ഉള്ള കാര്യം പറഞ്ഞും മുതലെടുത്തു (വാര്‍ത്തയുടെ ലിങ്ക് ഇവിടെ)



സൌദി ഗവണ്മെന്റിന്റെ പ്രതികരണവും മംഗളം പറഞ്ഞിട്ടുണ്ട്-ഇവിടെ

സംഗതി മണ്ടത്തരം പറ്റി എന്നറിഞ്ഞപ്പോള്‍ കേരള കൌമുദി ഉള്ളകാര്യം ഇന്ന് പറഞ്ഞു. പക്ഷേ ദീപികയും മനോരമയും അങ്ങിനെയൊരു കാര്യം നടന്നതേ അറിഞ്ഞിട്ടില്ല, ഇന്ന്.

ഒരു പ്രവാസിയ്ക്ക് ഒരു പ്രശ്‌നം പറ്റി എന്നറിഞ്ഞപ്പോള്‍ നമ്മുടെ നേതാക്കളും മന്ത്രിമാരും ഉടന്‍ തന്നെ നല്ല രീതിയില്‍ പ്രതികരിക്കുകയും ആ പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നത് തികച്ചും അഭിനന്ദനീയം തന്നെ. ചിലപ്പോള്‍ പോലീസ് പിടിച്ച അങ്കലാപ്പില്‍ ജോജോ ഭാര്യയെ വിളിച്ച് ശരിക്കും പേടിച്ച് പറഞ്ഞതുമാവാം. പക്ഷേ ഇത്തരം വാര്‍ത്തകളൊക്കെ കൊടുക്കുന്നതിനുമുന്‍പ് അതിന്റെ നിജസ്ഥിതിയെപ്പറ്റി ഒന്ന് സംശയമെങ്കിലും വരാനുള്ള സിമ്പിള്‍ ഗൂഗിള്‍ ഗവേഷണമെങ്കിലും ഈ പത്രക്കാര്‍ക്ക് നടത്തിക്കൂടെ. അതുപോലെ മന്ത്രിമാര്‍ ചെയ്‌ത കാര്യങ്ങള്‍ ചെയ്തു എന്ന് നല്ല രീതിയില്‍ പറയുന്നതിനപ്പുറം അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ കൂടി അവരുടെ പേരിലേക്കാക്കിയാല്‍ ജനങ്ങളുടെ പ്രതീക്ഷ കൂടും. അടുത്ത പ്രാവശ്യം ശരിക്കുമൊരു പ്രശ്‌നം പ്രവാസിക്ക് വരുമ്പോള്‍ ഇവര്‍ വിചാരിക്കുന്ന പോലെയും ഇവര്‍ക്ക് പത്രക്കാര്‍ ഉണ്ടാക്കിയ ഇമേജ് പോലെയുമൊന്നും ഇവര്‍ക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ എത്ര പൊക്കത്തില്‍ നില്‍ക്കുന്നോ അത്രയും പൊക്കത്തില്‍ നിന്ന് താഴേക്ക് ഒരു വീഴ്ച വീഴും (മണിയപ്പന്റെ കാര്യത്തില്‍ നമ്മള്‍ അത് കണ്ടു).

എന്തായാലും ഉഗ്രന്‍ ചര്‍ച്ചകള്‍ ബ്ലോഗില്‍ ഇവിടെയും പിന്നൊരിടത്തുകൂടിയുമൊക്കെ (എവിടെയെന്ന് ഇപ്പോള്‍ കിട്ടുന്നില്ല) ഈ പത്രവാര്‍ത്തകള്‍ കാരണം നടന്നു-അതും അധികം ചെളിവാരിയെറിയലുകളില്ലാതെ.

ഈ വാര്‍ത്തയുടെ പൊള്ളത്തരം ആദ്യം അറിഞ്ഞത് ഇവിടുത്തെ കമന്റില്‍ ചിത്രകാരന്‍ ഇട്ട ഈ ലിങ്കില്‍ നിന്ന്. അവര്‍ക്കെല്ലാം നന്ദി.

എന്തായാലും, പത്രങ്ങളെ വിശ്വസിച്ചാല്‍ ഇങ്ങിനെയുമിരിക്കുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

(ചിത്രങ്ങള്‍ക്ക് കടപ്പാട്, അതാത് പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്‍ വാര്‍ത്തകള്‍).

Monday, December 18, 2006

ദീപികയെ ബ്ലേഡ് വിഴുങ്ങിയോ...?

ഇന്നലത്തെ ദീപിക (18-12-12006) വെറുതെ ഓടിച്ച് നോക്കുന്നതിനിടയ്ക്കാണ് ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍

ബ്ലേഡുകാരുടെ ഭീഷണിയുടെ രീതികണ്ട് ശരിക്കുപറഞ്ഞാല്‍ പേടിച്ച് പോയി.

പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇന്നത്തെ ദീപിക (19-12-2006) തുറന്നപ്പോള്‍ മെയിന്‍ പേജില്‍ ഒന്നും ഈ വാര്‍ത്തയില്ല. പിന്നെ ലോക്കല്‍ വാര്‍ത്തകള്‍ ജില്ലകള്‍ തിരിച്ച് വായിക്കുന്നതിനിടയ്ക്ക് കിട്ടി.


കടപ്പാട്: ദീപിക ഓണ്‍ലൈന്‍ എഡിഷന്‍

ബ്ലേഡുകാരന്‍ ദീപികയെങ്ങാനും സന്ദര്‍ശിച്ചിരുന്നോ അതോ ഇനി എനിക്ക് തെറ്റിയതാണോ? (വയസ്സും കാരണവും വ്യത്യാസം, പക്ഷേ സംഭവസ്ഥലവും വീടും പേരും ഒന്ന് തന്നെ). തെറ്റ് എന്റേതെങ്കില്‍ ദീപികയേ, മാപ്പ്. പക്ഷേ രണ്ട് വാര്‍ത്തയിലെയും പരാമര്‍ശം ഒരാളെപ്പറ്റിത്തന്നെയാണെങ്കില്‍ എന്ത് പറ്റി ദീപികേ വാര്‍ത്ത ഇങ്ങിനെയങ്ങ് മാറാന്‍?

അപ്‌ഡേറ്റ് (ഡിസംബര്‍ 20)

സംഗതി ബ്ലേഡ് മുതലാളി ദീപികയെ കാണേണ്ടത് പോലെ കണ്ടത് കൊണ്ട് തന്നെ എന്ന് തോന്നുന്നു. കൊല്ലം വരെ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണോ ആവോ, കൌമുദി ഇതുപോലെ കൊടുത്തു വാര്‍ത്ത:


കടപ്പാട്: കേരള കൌമുദി ഓണ്‍ലൈന്‍

എന്നാലും എന്റെ ദീപികേ, ചില സമയത്തെ മുഖപ്രസംഗങ്ങളൊക്കെ വായിച്ച് സത്യത്തിനും നീതിക്കും വേണ്ടിയുള്ള ദീപികയുടെ പോരാട്ടങ്ങളൊക്കെ കണ്ട് അന്തം വിട്ടിട്ടുണ്ട്. ദേ ഇന്നലെയോ മിനിഞ്ഞാന്നോ മറ്റോ മുഖപ്രസംഗം എഴുതിയതേ ഉള്ളൂ, അച്യുതാനന്ദന്‍ ഇങ്ങിനെ കള്ളം പറയരുതെന്നും പറഞ്ഞ്. ഇത്രയൊക്കെയേ ഉള്ളൂ ദീപികേ എല്ലാവരുടേയും കാര്യം.

(ഇതൊക്കെ ഒരു റിക്കാര്‍ഡ് ആയി കിടക്കട്ടെ-ബ്ലോഗിനെ വിശ്വാസ്യതയില്‍ വല്ലപ്പോഴൊക്കെ ഇവര്‍ക്ക് സംശയം വരുമ്പോള്‍ സ്വന്തം വിശ്വാസ്യതയെ അളക്കാന്‍ ഇവര്‍ക്ക് തന്നെ ഉപയോഗിക്കാമല്ലോ).

Sunday, December 10, 2006

കോടിയേരിക

മാണികയായിരുന്ന ദീപിക (മാണിസാര്‍ കുളിച്ചു, മാണിസാര്‍ ചിരിച്ചു, മാണിസാര്‍ പല്ലുതേച്ചു, മാണിസാര്‍...) ഇക്കഴിഞ്ഞ ഇലക്ഷനോടു കൂടി കോടിയേരിക ആയോ എന്നൊരു സംശയം.

ശ്രീ കോടിയേരി ബാലകൃഷ്ണനെ പ്രശംസിക്കാന്‍ കിട്ടുന്ന ഒരവസരവും ദീപിക നഷ്ടപ്പെടുത്തുന്നില്ല എന്ന് തോന്നുന്നു. ഇക്കഴിഞ്ഞ തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിന് ശേഷം വന്ന മുഖപ്രസംഗത്തില്‍ (ഈ പേജില്‍, മുഖപ്രസംഗത്തില്‍ ക്ലിക്കിയാല്‍ മതി) തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും എണ്ണലുമെല്ലാം വളരെ നല്ല രീതിയില്‍ നടത്താന്‍ ശ്രമിച്ച ഭരണമുന്നണിക്കും പ്രതിപക്ഷത്തിനും മുഖ്യമന്ത്രിക്കുമെല്ലാം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ശേഷം ദീപിക, യാതൊരു പ്രശ്‌നങ്ങളുമുണ്ടാവാതിരിക്കാന്‍ പരിശ്രമിച്ച ആഭ്യന്തരവകുപ്പിനും മന്ത്രി കോടിയേരി ബാ‍ലകൃഷ്ണനും കൂടി അഭിനന്ദനമര്‍പ്പിച്ചു.

വ്യാജസീഡീ റെയ്ഡ് വിവാദത്തില്‍ ദീപികയുടെ കണ്ട്രോള്‍ മൊത്തം പോയെന്ന് തോന്നുന്നു. ഇന്നത്തെ (11 ഡിസംബര്‍) മുഖപ്രസംഗത്തില്‍ ശ്രീ അച്യുതാനന്ദനെ നല്ലതുപോലെ കുടഞ്ഞിട്ടുണ്ട് ദീപിക; ശ്രീ കോടിയേരി ബാലകൃഷ്ണന് ഗുഡ് സര്‍ട്ടിഫിക്കറ്റും കൊടുത്തിരിക്കുന്നു

വ്യക്തിപരമായി പറഞ്ഞാല്‍ ശ്രീ അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ കാണിച്ചത് സ്വല്പം പക്വത കുറഞ്ഞ പരിപാടിയല്ലേ എന്നൊരു സംശയം എനിക്കും ഇല്ലാതില്ല. ചെയ്തത് ഒരു നല്ല കാര്യമാണെങ്കിലും അത് ചെയ്യേണ്ട രീതിയിലാണോ ചെയ്തത് എന്നൊരു സംശയം. കൈയ്യടിക്ക് പ്രാധാന്യം കുറച്ച് കൂടുതല്‍ കൊടുത്തത് കാരണം ചെയ്യേണ്ട രീതികളായ ആഭ്യന്തര മന്ത്രിയോട് കൂടിയാലോചിക്കുക, ഡി.ജി.പിയുമായുള്ള ചര്‍ച്ചയുടെ കാര്യങ്ങള്‍ പരസ്യമാക്കാതിരിക്കുക മുതലായവ അദ്ദേഹം പാലിച്ചോ എന്നൊരു സംശയം. അതുകൊണ്ട് തന്നെ ദീപിക മുഖപ്രസംഗത്തോട് ശക്തമായ വിയോജിപ്പില്ലെങ്കിലും ദീപിക കോടിയേരിക ആയതിന്റെ പല ഉദാഹരണങ്ങളില്‍ പുതിയ ഒരു ഉദാഹരണമായി ഈ മുഖപ്രസംഗം നിലകൊള്ളുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

അതേ സമയം മനോരമ ഉപയോഗിക്കുന്ന തലക്കെട്ടുകള്‍, “കോടിയേരി വഴങ്ങി” എന്നൊക്കെയുള്ള രീതിയിലാണ്. ഇക്കാര്യത്തില്‍ രണ്ട് കൂട്ടര്‍ക്കും വിജയം അവകാശപ്പെടാം എന്നൊക്കെയാണ് മനോരമയുടെ വിലയിരുത്തല്‍ (അങ്ങിനെ രണ്ട് കൂട്ടരും വാശിക്ക് മത്സരിക്കുമ്പോള്‍ പരാജയപ്പെടുന്നത് പൊതുജനം. മൊത്തം ഒരു അഡ്‌ജസ്റ്റ്‌മെന്റായിരുന്നു എന്നാണ് റെയ്ഡിനെപ്പറ്റി ഇപ്പോളത്തെ പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നുന്നത്. വ്യാജന്മാര്‍ പെരുകാന്‍ പൊതുജനവും ഒരു കാരണമാവുമ്പോള്‍ അവര്‍ മൊത്തത്തില്‍ പരാജയപ്പെട്ടിട്ടില്ല എന്നൊരു ആശ്വാസവും ഉണ്ട്.).

ഒരു നല്ല മനുഷ്യന്റെ നല്ല കാര്യങ്ങള്‍ നല്ല രീതിയില്‍ ദീപിക അവതരിപ്പിക്കുന്നു എന്നേ ഉള്ളുവെങ്കില്‍ അതിന് എന്റെ പൂര്‍ണ്ണ പിന്തുണ. അങ്ങിനെതന്നെയാവട്ടെ എന്നാഗ്രഹിക്കുന്നു.

------------------------------------------------------------
മനോരമയുടെ “തീര്‍പ്പ് താല്‍‌ക്കാലികം; ബലപരീക്ഷണം തുടരും” (11 ഡിസംബര്‍-ഇവിടുണ്ട്) എന്ന തലക്കെട്ടിലെ വാര്‍ത്ത എന്തൊക്കെയോ ഉടന്‍ തന്നെ നടക്കും എന്ന് തോന്നല്‍ വായനക്കാരില്‍ ഉണ്ടാക്കാന്‍ പോകുന്ന രീതിയിലാണ്. ഉദ്വേഗജനകമായ വാര്‍ത്ത എന്നൊക്കെ പറയുന്നത് ഇതാണെന്ന് തോന്നുന്നു. മനോരമയുടെ ചില പ്രയോഗങ്ങള്‍:

“ഇരു പക്ഷങ്ങളും തമ്മിലുള്ള ബലപരീക്ഷണം അവസാനിക്കുന്നില്ല”
“അദ്ദേഹത്തിന്റെ (ശ്രീ പ്രകാശ് കാരാട്ട്) സാന്നിദ്ധ്യത്തില്‍ (പതിമൂന്നാം തീയതി) ചേരുന്ന സെക്രട്ടറിയേറ്റ് യോഗം നിര്‍ണ്ണായകമാവുകയാണ്”
“വി.എസ്സിനെതിരെ ഔദ്യോഗിക പക്ഷത്ത് രോഷം ഇരമ്പുകയാണ്”
“നിര്‍ണ്ണായകമായ ദിനങ്ങള്‍ അച്യുതാനന്ദനെയും പാര്‍ട്ടിയെയും കാത്തിരിക്കുന്നു”

(പത്രങ്ങള്‍ക്ക് തെറ്റുമ്പോള്‍ എന്ന ബ്ലോഗില്‍ എന്തിന് ഇതൊക്കെ ഇട്ടു എന്ന് ചോദിച്ചാല്‍...എല്ലാം വിശ്വാസ്യതയുടെ പ്രശ്‌നങ്ങളാണല്ലോ)

Thursday, October 05, 2006

മലയാളഭാഷയെ നവീകരിക്കാന്‍ ദീപിക

മലയാല ഭാഷയെയും സംസ്കാരത്തെയും നവീകരിക്കാന്‍ ദീപിക നടത്തുന്ന ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ഇപ്പോള്‍ ഈ ശ്രമങ്ങള്‍ ഉച്ചസ്ഥായിയിലാണ്. ദേ പിടിച്ചോ ഭാഷാ നവീകരണത്തിന്‍റെ ഉദാഹരണം.



അടുത്തത് സാംസ്കാരികപരമായ ഇടപെടലാണ്. മരിച്ചവര്‍ സ്വന്തം അവയവങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് ദീപിക അടിവരയിടുന്നു. ഇല്ലെങ്കില്‍ ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ടെന്ന് വരും.ഞാന്‍ ദീപികയെ നമിച്ചു!




NB: ഒന്നും രണ്ടു പ്രാവശ്യം വായിച്ചാലേ ആദ്യ സ്റ്റോറിയുടെ ആന്തരികാര്‍ത്ഥം പിടികിട്ടുകയുള്ളൂ! രണ്ടാമത്തെ സ്റ്റോറി നമുക്ക് എളുപ്പം മനസ്സിലാവും. എന്‍‌ജോയ്!!

Thursday, September 21, 2006

കേരള കൌമുദിയുടെ തോഷിബയുടെ സോണിയുടെ തോഷിബ



ഒരു സാങ്കേതികജ്ഞാനമുള്ള ലേഖകനോ ബിസിനസ്സ് കാര്യങ്ങള്‍ ആധികാരികതയോടെ എഴുതാനുള്ള ലേഖകനോ ഒന്നും നമ്മുടെ പത്രങ്ങള്‍ക്കില്ലാത്തതിന്റെ ഉദാഹരണം മുകളില്‍.

കേരള കൌമുദിയുടെ ബിസിനസ്സ് ലേഖനമാണ്. സോണി ലാപ്‌ടോപ്പുകള്‍ക്ക് വില്ലനായി തോഷിബ എന്ന തലക്കെട്ട് കണ്ടുകൊണ്ടാണ് നോക്കിയത്-കാരണം മടിമുകളില്‍ സോണിയ്ക്കെങ്ങിനെ തോഷിബ വില്ലനായി എന്നറിയാന്‍ ഒരു ആകാംക്ഷ. ഇനി സോണിയുടെ എന്തെങ്കിലും ടെക്‍നോളജി തോഷിബ അടിച്ച് മാറ്റുകയോ വല്ലതും ചെയ്തോ എന്നോര്‍ത്തു.

പക്ഷേ സംഗതി നമ്മുടെ ലേഖകന്റെ സ്ഥലജലവിഭ്രാന്തിയാണെന്ന് വായിച്ച് വന്നപ്പോഴാണ് മനസ്സിലായത്. തോഷിബ നിര്‍മ്മിത ബാറ്ററികള്‍ ഉപയോഗിച്ച സോണി ലാപ്‌ടോപ്പുകളുടെ പൊട്ടിത്തെറി, പൊട്ടിച്ചിരി ഇവയൊക്കെയാണ് വാര്‍ത്തയുടെ ആധാരം. സോണി ലാപ്ടോപ്പുകള്‍ തോഷിബ ബാറ്ററികള്‍ ഉപയോഗിക്കുന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. ഏതൊക്കെ സോണി ലാപ്‌ടോപ്പുകളാണ് തോഷിബ ബാറ്ററികള്‍ ഉപയോഗിക്കുന്നത് എന്നറിയാന്‍ വാര്‍ത്ത വായിച്ച് വായിച്ച് വന്നപ്പോള്‍ മനസ്സിലായി, സോണിയുടെ “ഡൈനാബുക്ക്”, “സാറ്റലൈറ്റ്” എന്നീ ബ്രാന്‍ഡ് ലാപ്‌ടോപ്പുകള്‍ക്കാണത്രേ പൊട്ടിത്തെറിപറയാനുള്ള ഒരു ത്വര. ഈ ലിങ്കില്‍ നിന്നും ഈ ലിങ്കില്‍ നിന്നും ഒക്കെ മനസ്സിലായി അവയൊക്കെ സോണിയുടെ ലാപ്ടോപ്പുകള്‍ തന്നെയാണെന്ന്!

പിന്നെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ആര് ആര്‍ക്ക് വില്ലനായെന്നും ഏത് ഏതിന് വില്ലനായെന്നും ഒക്കെ തെളിയിക്കാന്‍ ചിത്രം സിനിമയില്‍ നിന്ന് ശ്രീനിവാസനെ വിളിക്കേണ്ട ഗതികേടുമായി. വളരെ ആത്‌മവിശ്വാസത്തോടെ ലേഖകന്‍ എഴുതിയിരിക്കുകയാണ് ഡൈനാബുക്ക്, സാറ്റലൈറ്റ് മടിമുകളുകള്‍ക്ക് തോഷിബ ബാറ്ററി പ്രശ്‌നമായതുകാരണം 3,40,000 ബാറ്ററികള്‍ കമ്പനി പിന്‍‌വലിച്ചിരിക്കുകയാണെന്ന്. വാര്‍ത്തകള്‍ പകര്‍ത്തിയെഴുതിയപ്പോള്‍ അക്കങ്ങള്‍ മാറിപ്പോകാതെ ശരിയായ നമ്പര്‍ ഒപ്പിക്കാന്‍ ലേഖകന്‍ ശ്രദ്ധിച്ചു. പക്ഷേ ബാക്കിയെല്ലാം തലതിരിഞ്ഞ് പോയി. പക്ഷേ സംഗതി വിശ്വാസയോഗ്യമാക്കാന്‍ ഇങ്ങിനെയും കൂടി എഴുതി അദ്ദേഹം-“ തോഷിബ ബാറ്ററികള്‍ ഉണ്ടാക്കുന്ന പ്രശ്‌നം മേല്‍‌പ്പറഞ്ഞതാണെങ്കില്‍ സോണി കോര്‍പ്പറേഷന്റെ സഹസ്ഥാപനമായ സോണി എനര്‍ജി ഡിവൈസസ്...”

ശരിക്കും മേല്‍‌പറഞ്ഞ പ്രശ്‌നം ഉണ്ടാക്കിയത് സോണി ബാറ്ററികളാണ്. തോഷിബയ്ക്ക് വില്ലന്‍ സോണിയാവുകയായിരുന്നു.തോഷിബയ്ക്ക് മാത്രമല്ല, ഡെല്ലിനും ആപ്പിളിനുമെല്ലാം ലെവന്‍ വില്ലനായി. ആദ്യം പൊട്ടിത്തെറികള്‍ തുടങ്ങിയത് ഡെല്ലിനായിരുന്നു എന്നാണ് തോന്നുന്നത്. അപ്പോള്‍ ഗുണം പരമാവധി കുറഞ്ഞാലും വേണ്ട വിലകുറഞ്ഞ കറുത്ത കമ്പ്യൂട്ടര്‍ പരമാവധി വിറ്റാല്‍ മതി എന്ന ഡെല്‍ പോളിസി പ്രകാരം സോണിയോട് നാല് വയറുകള്‍ കുറച്ചുള്ള ബാറ്ററി ഉണ്ടാക്കാന്‍ ഡെല്ലണ്ണന്‍ പ്രത്യേകം പറഞ്ഞതുകാരണമാണ് ഡെല്ലിന്റെ മാത്രം പൊട്ടികള്‍ തെറിക്കുന്നതെന്നോര്‍ത്ത് ആശ്വാസം കൊണ്ടപ്പോഴാണ് ആപ്പിള്‍, ഓറഞ്ച്, മുന്തിരി, ഉരുളക്കിഴങ്ങ്, കപ്പ, ചക്ക, മാങ്ങ, തേങ്ങ ഇവയെല്ലാം അവിടെയും ഇവിടെയും പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. എല്ലായിടത്തും സോണി ബാറ്ററികളും.

ഈ പോസ്റ്റ് ഇത്രയും എഴുതാന്‍ ഞാന്‍ എടുത്ത സമയത്തിന്റെയും നടത്തിയ ഗൂഗിള്‍ സേര്‍ച്ചിന്റെയും പകുതിയുടെ പകുതിയുടെ പകുതിയെങ്കിലും സമയം ആ ലേഖകന്‍ ആ ലേഖനം എഴുതുമ്പോള്‍ എടുത്തിരുന്നെങ്കില്‍ എന്ന് വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം...

(സാങ്കേതികജ്ഞാനമുള്ള ലേഖകരുടെ മലയാള പത്രങ്ങളിലെ അഭാവം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ വരുമെന്ന് പ്രതീക്ഷിക്കാം).